SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

വാളയാറിൽ ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കും

walayar
walayar

കഞ്ചിക്കോട്: ലഹരി വിപത്തിനെതിരെ വാളയാർ മേഖലയിൽ പോലീസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും ബോധവത്കരണം ശക്തമാക്കുന്നു. പൊതുജന സഹകരണത്തോടെ ലഹരി വിൽപ്പനക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ ഓപ്പറേഷൻ ഡി ഹണ്ട് പ്രകാരം വാളയാറിൽ ഊർജ്ജിത പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ബോധവത്കരണത്തിന് ഊന്നൽ നൽകാൻ തീരുമാനിച്ചത്. ലഹരി പദാർത്ഥങ്ങൾ ആരെങ്കിലും വിൽപ്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി കണ്ടാൽ അധികൃതരെ വിവരമറിയിക്കാൻ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പ്രാപ്തരാക്കും. അന്യസംസ്ഥാന തൊഴിലാളികൾ ഏറെ ജോലി ചെയ്യുന്ന പ്രദേശം കൂടിയാണിവിടം. കഴിഞ്ഞ മാസം വാളയാർ ചെക്‌പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പദ്മനാഭൻ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം ഒറ്റപ്പാലം പനമണ്ണ സ്വദേശി ഇല്യാസ് മൊയ്തിന്റെ പക്കൽ നിന്നും 81.9 ഗ്രാം മെത്താഫിറ്റമിനും പിടികൂടിയിരുന്നു.

ലഹരിക്കെതിരെ ജനകീയ ചെറുത്തുനിൽപ്പ്
കഞ്ചാവ്, എം.ഡി.എം.എ, മെത്താഫിറ്റമിൻ തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്ന മയക്കുമരുന്നുകളാണ് വാളയാറിലൂടെ അതിർത്തി കടന്നെത്തുന്നത്. വിദഗ്ദ്ധമായി ഒളിപ്പിച്ച് കൊണ്ടുവരുന്ന ഇവ പലപ്പോഴും പിടിച്ചെടുക്കാൻ കഴിയാറില്ല. രഹസ്യമായി മയക്കുമരുന്ന് വിറ്റഴിക്കുന്ന ശൃംഖല തന്നെയുണ്ട്. ഇവരിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സ്‌കൂൾ വിദ്യാർത്ഥികളെ വരെ കാരിയർമാരായി ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഗുളിക രൂപത്തിലും സിഗരറ്റിനകത്ത് പുകയില നിറച്ച നിലയിലുമൊക്കെ എത്തുന്ന മയക്കു മരുന്നുകൾ പലപ്പോഴും ജനങ്ങൾക്ക് തിരിച്ചറിയാനാവുന്നില്ല. ഇത് മനസിലാക്കിയാണ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ സംവിധാനവും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സംയുക്തമായി രംഗത്തിറങ്ങി മയക്കുമരുന്നിന്റെ സാന്നിദ്ധ്യത്തെ കുറിച്ചും തടയാൻ എന്തൊക്കെ നടപടി സ്വീകരിക്കാം എന്നതിനെ കുറിച്ചും ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. സംശയാസ്പദ സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാൻ ജനങ്ങളെ സജ്ജരാക്കും. ലഹരി വിപത്തിനെതിരെ പോലീസ്, എക്‌സൈസ്, ആന്റി നാർകോട്ടിക് വിഭാഗങ്ങൾ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ജനകീയ ചെറുത്ത് നിൽപ്പ് കൂടി ഉറപ്പാക്കി ലഹരി മാഫിയക്ക് കടിഞ്ഞാണിടാനാണ് പൊലീസ് എക്‌സൈസ് വകുപ്പുകളുടെ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL