SignIn
Kerala Kaumudi Online
Saturday, 24 October 2026 1.49 AM IST

വേനലിൽ വാടിത്തളർന്ന് ക്ഷീരമേഖല; പാൽ ഉത്പാദനത്തിൽ 15,000 ലിറ്ററിന്റെ കുറവ്

പാലക്കാട്: കത്തിയെരിയുന്ന വേനലിൽ സംസ്ഥാനത്തെ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു, പാലക്കാട്ടെ ക്ഷീരകർഷകർ ആശങ്കയിൽ. പാൽ സംഭരണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15,000 ലിറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പുവരെ ഒന്നരലക്ഷം ലിറ്റർ പാലാണ് ഉത്പ്പാദിപ്പിച്ചത്.

328 ക്ഷീരസംഘങ്ങൾ വഴിയാണ് പാലക്കാട് ജില്ലയിൽ പാൽ സംഭരിക്കുന്നത്. പാലക്കാട് 251, പട്ടാമ്പി 62, അട്ടപ്പാടി 15 ക്ഷീരസംഘങ്ങളാണ് ഉള്ളത്. ചൂടുകൊണ്ടുള്ള പ്രശ്നങ്ങളും പച്ചപ്പുല്ലിന്റെ കുറവുമാണ് പാൽ ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. വേനൽക്കാലത്ത് ദിവസ വരുമാനത്തേക്കാൾ അധികം ചെലവാണ് കർഷകർക്ക് ഉണ്ടാകുന്നത്. വരുംദിവസങ്ങളിൽ ചൂട് ഉയരാനിടയുള്ളതിനാൽ പാൽ ഉത്പ്പാദനം ഇനിയും കുറയുമെന്നാണ് മിൽമയുടെ വിലയിരുത്തൽ. പ്രതിസന്ധി ഒഴിവാക്കാൻ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ കൂടുതൽ പാൽ സംഭരിക്കാനും ആലോചനയുണ്ട്. കനത്ത ചൂടിൽ പച്ചപ്പുല്ലും ആവശ്യത്തിന് കിട്ടാനില്ല. സ്വകാര്യഭൂമിയിലും വനപ്രദേശത്തും പശുക്കളെ മേയ്ക്കാൻ പഴയതുപോലെ കഴിയുന്നില്ല. ഇതെല്ലാം ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. തീറ്റയുടെ വിലയുംകൂടിയത് തിരിച്ചടിയായിട്ടുണ്ട്. വിവിധ കമ്പനികളുടെ 50 കിലോ വരുന്ന തീറ്റയുടെ വില രണ്ടായിരം രൂപയോട് അടുത്തു.

2019 സെൻസസ് പ്രകാരം രണ്ടരലക്ഷത്തോളം പശുക്കൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇപ്പോൾ പശുക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. നോക്കാനുള്ള ചെലവ് കൂടിയതും പാൽ ഉത്പ്പാദനം കുറഞ്ഞതുമെല്ലാം കാരണമാണ്. മൃഗാശുപത്രികളിൽ നിന്ന് മുമ്പ് ലഭിച്ചിരുന്ന പെട്ടെന്നുള്ള ഡോക്ടർ സേവനവും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വളർത്തുനായ്ക്കളുടെ എണ്ണം കൂടിയതിനാൽ ജോലി സമയങ്ങളിൽ പശുക്കളെ ചികിത്സിക്കാൻ വീടുകളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. പാൽ ഉത്പ്പാദനം കുറഞ്ഞത് ഒന്നും രണ്ടും പശുക്കളെ മാത്രം വളർത്തി വരുമാനം കണ്ടെത്തുന്നവരെയാണ് പ്രതിസന്ധിയിലാക്കിയത്. ഉയർന്ന താപനില കന്നുകാലികളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പുല്ല് കിട്ടാതായതോടെ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റയാണ് കർഷകർ ഇപ്പോൾ നൽകുന്നത്. ഇത് ദഹനക്കേടിനും പാൽ ഉൽപ്പാദനം കുറയാനും കാരണമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL