കഞ്ചിക്കോട്: വേനൽ തുടങ്ങിയതോടെ വാളയാർ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകൾ വറ്റിത്തുടങ്ങിയതോടെ വാട്ടർ അതോറിറ്റിയും ജലനിധിയും പമ്പ് ചെയ്യുന്ന വെള്ളം മാത്രമാണ് ആശ്രയം. കുഴൽ കിണറുകളിലെ ജലനിരപ്പ് താഴ്ന്നത് പമ്പിംഗിന് തടസമായത് മൂലം വെള്ളം കൃത്യമായി കിട്ടുന്നില്ല. മലമ്പുഴ വെള്ളത്തിന്റെ വിതരണം വാട്ടർ അതോറിറ്റിയുടെ അലംഭാവം മൂലം തടസ്സപ്പെടുന്നു. മുൻ കരുതൽ നടപടികളുമായി പുതുശ്ശേരി പഞ്ചായത്ത് രംഗത്തെത്തിയിട്ടുണ്ട്. ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. നടപടിക്രമം പൂർത്തിയായാലുടൻ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യും.
പുതശ്ശേരി പഞ്ചായത്തിൽ ചുരുക്കം ജലനിധി കണക്ഷൻ ഒഴിച്ച് ബാക്കിയെല്ലാം വാട്ടർ അതോറിറ്റിയുടെ കണക്ഷനാണ്. വൈദ്യുതി തടസം,പമ്പിംഗ് മുടങ്ങൽ തുടങ്ങി പല കാരണങ്ങളാൽ ജലവിതരണം മുടങ്ങുന്നത് പതിവായി. ഇതുവരെ
കിണറുകളിലും മറ്റ് നീരുറവകളിലും വെള്ളം ലഭ്യമായതിനാൽ വാട്ടർ അതോറിറ്റി വെള്ളം തടസ്സപ്പെടുന്നത് വലിയ തോതിൽ ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കിണറുകൾ വറ്റിത്തുടങ്ങിയതോടെ പൂർണമായി വാട്ടർ അതോറിറ്റിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കഞ്ചിക്കോട് വ്യവസായ മേഖലയിലും വാളയാർ, വട്ടപ്പാറ, കനാൽപിരിവ്, പതിനാലാംകൽ തുടങ്ങിയ പ്രദേശങ്ങളിലും ഇപ്പോൾ തന്നെ കടുത്ത ജലക്ഷാമമാണ്. കുഴൽക്കിണറുകളിലെ വെള്ളം ഇനിയും താഴ്ന്നാൽ പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും. ഇതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ലോറിയിൽ വെള്ളം എത്തിക്കേണ്ട ബാധ്യത പഞ്ചായത്തിന് വരും.
കിണറുകളിലെ ജലനിരപ്പ് താഴുന്നത് ഒഴിവാക്കാൻ വാളയാർ ഡാം തുറന്ന് കുളങ്ങളും നിറച്ചിരുന്നു. പക്ഷെ ഇത് കൊണ്ട് ഉദ്ദേശിച്ച പ്രയോജനമുണ്ടായില്ല. കുഴൽ കിണറുകൾ ഉൾപ്പെടെ ഭൂരിഭാഗം കിണറുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയർന്നില്ല.
കുടിവെള്ള ക്ഷാമം നേരിടാൻ പഞ്ചായത്ത് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. വാട്ടർ അതോറിറ്റി കൂടി നല്ല രീതിയിൽ സഹകരിച്ചാൽ കുടിവെള്ള പ്രശ്നം നിയന്ത്രണ വിധേയമാക്കാനാകും. രൂക്ഷമായ കുടിവെള്ള പ്രശ്നമുള്ള വാളയാർ മേഖലയിൽ ഉടൻ ലോറി വഴി വെള്ളം വിതരണം ആരംഭിക്കും. ജലപ്രശ്നം നേരിടുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം എത്തിക്കാൻ നടപടിയുണ്ടാകും. - എൻ.പ്രസീദ, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |