കൊല്ലങ്കോട്: എലവഞ്ചേരി പഞ്ചായത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി തുമ്പിടി, കരിപ്പായി, വള്ളുവക്കുണ്ട് പാടശേഖരങ്ങളിൽ അഞ്ച് ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷിക്ക് തുടക്കമായി. ചുള്ളിയാർ ഡാമിന്റെ വാലറ്റ പ്രദേശമായതിനാൽ കുറെ കാലമായി രണ്ടാം വിള ഉണക്ക് ഭീഷണി നേരിടാറുണ്ട്. ഈ പ്രദേശങ്ങളിലാണ് വെള്ളം ലഭ്യമായതിനാൽ പുഞ്ചകൃഷി ആരംഭിച്ചത്. അറുപതാം കുറവ എന്ന നെൽവിത്താണ് നടീലിന് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ പരമ്പരാഗത നെൽവിത്തിനമാണിത്. തഞ്ചാവൂരിൽ നിന്നാണ് വിത്ത് ലഭിച്ചത്. ഒറ്റഞാർ കൃഷി രീതിയിൽ ചെയ്യുന്നതിന് ഏക്കറിന് അഞ്ച് കിലോഗ്രാം വിത്ത് ആവശ്യമായി വരും. ട്രേയിൽ മുളപ്പിച്ച നെല്ല് പത്ത് ദിവസം പാകമാകുമ്പോൾ നടാം. അറുപത് ദിവസം കൊണ്ട് കൊയ്‌തെടുക്കാം എന്നതാണ് പ്രത്യേകത. വിറ്റാമിൻ ഡി ഒഴികെ സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന എല്ലാ ധാതുലവണങ്ങളും ഈ അരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മാലിന്യങ്ങളേയും വിഷാശങ്ങളേയും നീക്കം ചെയ്യാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ അരിക്ക് കഴിയും. പ്രമേഹരോഗികൾക്കും ഹൃദ്‌രോഗികൾക്കും ഇതിന്റെ അരി
ഉപയോഗിക്കാവുന്നതാണ്. എല്ലിനെ ബലം നൽകാൻ കഴിവുള്ളതിനാൽ അറുപത് വയസ്സ് കഴിഞ്ഞവർ ഇതിന്റെ അരി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ കഴിയുമെന്ന് പറയുന്നു. തുമ്പിടി പാടശേഖര സമിതിയിലെ മികച്ച സഹകാരി കർഷകനുള്ള അവാർഡ് ജേതാവ് സാബുമോൻ ഒരു ഏക്കറിലും വളളുവക്കുണ്ട് പാടശേഖരത്തിലെ കർഷകനായ പ്രദീപ് കുമാർ നാല് ഏക്കറിലുമാണ് ഈ നെൽവിത്ത് കൃഷി ചെയ്യുന്നത്. പുഞ്ചകൃഷിയുടെ നടീൽ ഉത്സവം എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സാബുമോൻ അദ്ധ്യക്ഷനായ ചടങ്ങിൽ പാടശേഖര സമിതി സെക്രട്ടറി ചെന്താമര, കൃഷി അസിസ്റ്റന്റ് വി.എം.സജല, എലവഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശിവദാസ് എന്നിവർ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളും കർഷകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |