SignIn
Kerala Kaumudi Online
Saturday, 24 October 2026 10.53 AM IST

മലമ്പുഴ അതീവ സുന്ദരിയാകും, മൈസൂർ വൃന്ദാവൻ പോലെ

garden
മലമ്പുഴ ഉദ്യാനം

മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴ ഉദ്യാനം അടച്ചു. ഇനി മാസങ്ങൾക്കു ശേഷം പുതുമോടിയിലായിരിക്കും ഉദ്യാനം തുറക്കുക. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75.87 കോടി രൂപ ചിലവിൽ നവീകരണ പ്രവർത്തികൾ നടത്തുന്നതിനാണ് മലമ്പുഴ ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. മലമ്പഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരിൽ കൂടുതൽ നയന മനോഹരമായ കാഴ്ചകൾ ഉൾപ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകൾ, പുതിയ വിനോദ കേന്ദ്രങ്ങൾ, ഓർക്കിഡ് പുഷ്പങ്ങൾക്കായി ഓർക്കിഡ് പാർക്കുകൾ എന്നിവയും സജ്ജമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണവും ഭിന്നശേഷിക്കാർക്ക് സഞ്ചാരത്തിനായുള്ള പ്രത്യേകം റാമ്പുകളും നിർമ്മിക്കും. കാർഷിക പൈതൃകത്തിന്റെ ഭാഗമായി മാമ്പഴ തോട്ടങ്ങളും പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനായി ഉദ്യാനത്തിനകത്ത് വേദികളും നിർമ്മിക്കുന്നുണ്ട്. ഉദ്യാനത്തിലെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി അടുത്ത വർഷം അവധിക്കാലത്തിനു മുമ്പ് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയിൽ നവീകരിക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ പ്രവർത്തികളുടെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രം കൂടിയായ മലമ്പുഴയാണ് ജില്ലയിൽ തന്നെ വരുമാന വർദ്ധനവിലും കൂടുതൽ സന്ദർശകരുമെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാന റാണിയിൽ കാലങ്ങളായി സന്ദർശകരെ വരവേറ്റത് നിറം മങ്ങിയ കാഴ്ചകളായിരുന്നു. ഉദ്യാനറാണിയുടെ കവാടങ്ങൾ താൽക്കാലികമായി അടയുമ്പോൾ അടുത്ത അവധിക്കാലത്തോടെ സന്ദർശകരെ വരവേൽക്കുന്നത് മനോഹാരിയായ മറ്റൊരു ഉദ്യാന റാണിയായിട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALAMPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL