SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

പരുതൂരിൽ തുടരാൻ യു.ഡി.എഫ്, പിടിച്ചെടുക്കാൻ എൽ.ഡി.എഫ്

paruthur
പരുതൂർ പഞ്ചായത്ത് ഓഫീസ്

പട്ടാമ്പി: പദ്ധതി നിർവഹണത്തിൽ പരുതൂർ പഞ്ചായത്ത് നൂറുമേനി കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 45 വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ചാണ് 2020ൽ പരുതൂരിലെ ജനത യു.ഡി.എഫിനെ അധികാരത്തിൽ കയറ്റിയത്. അവരുടെ പ്രതീക്ഷ തെറ്റിക്കാതെയാണ് പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ പഞ്ചായത്ത് തുടർച്ചയായി മുന്നിലെത്തിയത്. ഇക്കാര്യത്തിൽ സംസ്ഥാനത്തെ 941 പഞ്ചായത്തിൽ നാലാം സ്ഥാനത്താണ് പരുതൂർ. അതേസമയം പഞ്ചായത്തിന്റെ നേട്ടത്തിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തമുണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.


എസ്.സി ഫണ്ട്, ജനറൽ ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ്, നോൺ റോഡ്, സി.എഫ്.സി ഫണ്ടുകൾ എന്നിവ നൂറ് ശതമാനവും ചെലവഴിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞതായി യു.ഡി.എഫ് നേതാക്കൾ പറയുന്നു. പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവാഹ ധനസഹായം, വാട്ടർ ടാങ്ക് വിതരണം, വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, സ്‌കോളർഷിപ്പ്, മഡ് ടർഫ്, പൊതു കിണർ നവീകരണം, മാലിന്യ സംസ്‌കരണം, ഹരിത കർമ്മ സേനയ്ക്ക് വാഹനം, ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ, ആശുപത്രിയിലേക്കും ഡിസ്‌പെൻസറിലേക്കും മരുന്നുകൾ, പാലിയേറ്റീവ് പ്രവർത്തനത്തിന് തുക അനുവദിക്കൽ, അങ്കണവാടികളിൽ പോഷകാഹാരം വിതരണം, കാർഷിക മേഖലയിലേക്ക് ഉഴവുകൂലി, ജൈവവള വിതരണം, കുമ്മായ വിതരണം, ആട്ടിൻകുട്ടികൾ വിതരണം, പശുക്കിടാവ് വിതരണം, ലൈഫ് ഭവന പദ്ധതിക്ക് തുക അനുവദിക്കൽ തുടങ്ങി നിരവധി പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

അതേസമയം മാലിന്യ സംസ്കരണത്തിൽ ഉൾപ്പെടെ സ്ഥലം എം.എൽ.എയും തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രിയുമായ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.എഡി.എഫ് വോട്ടർമാരിലേക്കെത്തുന്നത്.

സർക്കാർ ആശുപത്രിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ആംബുലൻസ് ഉൾപ്പെടെ വേണ്ടെന്നു വച്ച യു.ഡി.എഫ് ഭരണസമിതി ലൈഫ് ഭവന പദ്ധതി,​ മാലിന്യ മുക്ത നവകേരളം തുടങ്ങിയ സംസ്ഥാന സർക്കാർ പരിപാടികൾ സ്വന്തം പേരിലാക്കി മാറ്റിയതായും എൽ.ഡി.എഫ് ആരോപിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചുവെന്നും ഇത്തവണ ജനങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും നേതാക്കൾ അവകാശപ്പെട്ടു. വിഭജനത്തിനു ശേഷം രണ്ട് വാർഡ് കൂടിയതോടെ പരതൂർ പഞ്ചായത്തിലെ ആകെ വാർ‌ഡുകൾ 18 ആയി ഉയർന്നു.

നിലവിലെ കക്ഷിനില. ആകെ സീറ്റ്-16. മുസ്ലിം ലീഗ്- 6, കോൺഗ്രസ് -3. എൽ.ഡി.എഫ് 7. വർദ്ധിച്ചത് 2, (2025 ൽ 18)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL