SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.55 AM IST

പാലക്കാട് ലോക ഗ്ലോക്കോമ വാരാചരണം ഇന്ന് മുതൽ

glaucoma
ഗ്ലൂക്കോമ

പാലക്കാട്: കാഴ്ചശക്തിയെ ബാധിക്കുന്ന ഗ്ലോക്കോമ രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), പാലക്കാട് സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്, ഫോർട്ട് വാക്കഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് മുതൽ മാർച്ച് 14 വരെ ലോക ഗ്ലോക്കോമ വാരാചരണം സംഘടിപ്പിക്കും.
വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പാലക്കാട് ഐ.എം.എ ഹാളിൽ പി.എസ്.ഒ.എസ് പേട്രൺ ഡോ. രാജഗോപാലൻ നായർ നിർവഹിക്കും. രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഐ.എം.എ ഹാളിൽ പൊതുജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും ഒരുക്കിയിട്ടുണ്ട്. ബോധവത്കരണ റാലി, പ്രശ്‌നോത്തരി മത്സരം, വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസ് എന്നിവയും വാരാചരണത്തിന്റെ ഭാഗമായി നടക്കും. കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സം നേരിടുന്നത് മൂലം മർദ്ദം വർദ്ധിക്കുകയും നേത്രനാഡികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് അവ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ഇത് കാഴ്ചശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ കാരണമാകും. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകാറുണ്ട്. വശങ്ങളിലേക്കുള്ള കാഴ്ച കുറയുക, പ്രകാശത്തിന് ചുറ്റും വിവിധ നിറത്തിലുള്ള വളയങ്ങൾ കാണുക, കണ്ണിന് ചുവപ്പ് നിറവും വിട്ടുമാറാത്ത തലവേദനയോ കണ്ണുവേദനയോ അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ താരതമ്യേന വലിപ്പം കൂടിയ കണ്ണുകൾ, ഹ്രസ്വദൃഷ്ടി, മഞ്ഞ് മൂടിയ പോലെയുള്ള കൃഷ്ണമണി എന്നിവയും ഗ്ലോക്കോമയുടെ ലക്ഷണങ്ങളാവാം. രോഗം പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും നേരത്തെ കണ്ടെത്തിയാൽ മരുന്നുകളിലൂടെയോ ലേസർ ചികിത്സയിലൂടെയോ കാഴ്ച നഷ്ടപ്പെടുന്നത് തടയാനാകും. കണ്ണിന്റെ മർദ്ദം അളക്കൽ, കാഴ്ച പരിശോധന, നേത്രനാഡി പരിശോധന, ഗൊണിയോസ്‌കോപ്പി നിരീക്ഷണം എന്നിവയിലൂടെ രോഗം കൃത്യമായി കണ്ടെത്താൻ സാധിക്കും. മരുന്നുകൾ കൊണ്ട് നിയന്ത്രണവിധേയമാകാത്ത പക്ഷം ശസ്ത്രക്രിയയും നിർദ്ദേശിക്കാറുണ്ട്. രോഗം നേരത്തെ കണ്ടെത്തി പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം മുൻനിറുത്തിയാണ് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL