
എലപ്പുള്ളി: കേരകർഷകരുടെ രക്ഷയ്ക്കായി കർഷക കൂട്ടായ്മയുടെ എലപ്പുള്ളി മാതൃക. നാളികേര വിലയിടിവും വിപണന സൗകര്യക്കുറവും മൂലം പ്രതിസന്ധി നേരിടുന്ന കേരകർഷകരെ സഹായിക്കാനാണ് എലപ്പുള്ളി പഞ്ചായത്തിലെ ഉപ്പ്‌തോട് കേരകേസരി കൃഷിക്കൂട്ടം എന്ന പുതിയ കർഷക കൂട്ടായ്മ രൂപം കൊള്ളുന്നത്. ന്യായവിലയ്ക്ക് നാളികേരം സംഭരിക്കാനാണ് കൃഷിക്കൂട്ടം ഒരുങ്ങുന്നത്. തുടക്കത്തിൽ എലപ്പുളളി പഞ്ചായത്തിലെ കർഷകരുടെ നാളികേരം സംഭരിക്കും. പിന്നീട് പദ്ധതിയുടെ പ്രയോജനം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കർഷകർക്ക് കിട്ടുന്ന രീതിയിൽ വിപുലീകരിക്കും. നാളികേരത്തിന് ന്യായവില ലഭിക്കുന്നില്ലെന്നത് എലപ്പുള്ളിയിലെ കേരകർഷകർ ദീർഘകാലമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. പൊള്ളാച്ചിയിലെ വ്യാപാരികളാണ് ഇവിടെ വില നിശ്ചയിക്കുന്നത്. ഇതിന് പരിഹാരമായാണ് കൃഷിക്കൂട്ടം രൂപം കൊള്ളുന്നത്. എലപ്പുള്ളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിലാണ് കേരകേസരി കൃഷിക്കൂട്ടം പ്രവർത്തിക്കുക. തുടക്കത്തിൽ കൂട്ടായ്മയിലെ കർഷകർ സ്വരൂപിക്കുന്ന തുകയാണ് പ്രവർത്തന മൂലധനം. പ്രവർത്തനം തുടങ്ങുമ്പോൾ കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കും. നാളികേരത്തിന്റെ സംസ്‌കരണ വിപണന സാദ്ധ്യതകൾ പഠിച്ചതിന് ശേഷമാണ് ഇവർ നാളികേര സംഭരണത്തിന് ഒരുങ്ങുന്നത്. നിലവിൽ വ്യാപാരികൾ നൽകുന്നതിനെക്കാൾ കൂടുതൽ തുകയ്ക്ക് കൃഷിക്കൂട്ടം പച്ചത്തേങ്ങ സംഭരിക്കും. തേങ്ങയ്ക്ക് പുറമെ കൊപ്രയും ചിരട്ടയും സംഭരിക്കും. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. വാർഡ് തലത്തിലുള്ള, പഞ്ചായത്ത് മെമ്പർ ചെയർമാനും കൃഷി അസിസ്റ്റന്റ് കൺവീനറുമായിട്ടുള്ള സമിതിയുടെ കീഴിലാണ് കൃഷിക്കൂട്ടം പ്രവർത്തിക്കുക.
ഇതൊരു പരീക്ഷണമാണ്. കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം. ഈ എലപ്പുള്ളി മാതൃക വിജയിപ്പിച്ചെടുക്കാൻ പഞ്ചായത്തും കൃഷി വകുപ്പും കർഷകരും കൈകോർത്ത് രംഗത്തിറങ്ങുകയാണ്. ഉത്പാദന പ്രക്രിയയ്ക്ക് വേണ്ട സാധന സാമഗ്രികൾ വാങ്ങുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകും.
-പി.സി.ബിജു, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്
കർഷകക്കൂട്ടത്തിന് കൃഷി വകുപ്പിന്റെ എല്ലാവിധ സഹായവും പിന്തുണയുമുണ്ട്. കർഷകർ തന്നെ സംഘടിച്ച് കർഷകരുടെ രക്ഷക്ക് എത്തുന്ന എലപ്പുള്ളി മാതൃക നല്ല രീതിയിൽ മുന്നോട്ട് പോകും എന്ന് തന്നെയാണ് കരുതുന്നത്. കൃത്യമായി പഠനം നടത്തിയതിന് ശേഷമാണ് ഉപ്പ്തോട് കേരകേസരി കൃഷിക്കൂട്ടം രംഗത്തിറങ്ങിയിരിക്കുന്നത്. -ബി.എസ്.വിനോദ് കുമാർ, കൃഷി ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |