SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

അപ്നാഘറിൽ വാടകയ്ക്ക് മുറിയില്ല; താമസിക്കാൻ ആളുമില്ല

khar
അതിഥി തൊഴിലാളികൾക്കായി നിർമ്മിച്ച കഞ്ചിക്കോട്ടെ അപ്നാഘർ.

കഞ്ചിക്കോട്: അതിഥി തൊഴിലാളിക്കായി രാജ്യത്ത് ആദ്യമായി ഉയർന്ന പാർപ്പിട സമുച്ചയമായ അപ്നാഘർ ആളും ആരവവും ഇല്ലാതെ ആളൊഴിഞ്ഞ് കിടക്കുന്നു. നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളിൽ ഏറെ പേരും മടങ്ങിവരാത്തതാണ് കാരണം. താമസ സൗകര്യമില്ലാതെ വിഷമിക്കുന്ന ഒരുപാട് അതിഥി തൊഴിലാളികൾ ഈ മേഖലയിലുണ്ടെങ്കിലും അവർക്ക് ഇവിടെ താമസിക്കാനാവില്ല. അപ്നാ ഘറിലെ മുറികൾ സ്വകാര്യ കമ്പനികളാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. വാടകയ്ക്ക് എടുത്ത കമ്പനികൾ അവരുടെ തൊഴിലാളികളെയാണ് ഇവിടെ താമസിപ്പിക്കുക. കമ്പനികൾ കൃത്യമായി വാടക നൽകുന്നത് കൊണ്ട് ലേബർ ഡിപ്പാർട്ട്‌മെന്റിന് പരാതിയും ഇല്ല. അതിഥി തൊഴിലാളികൾക്കായി തുച്ഛമായ വാടകയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വാടക പ്രകാരം എഗ്രിമെന്റ് വെച്ച് കമ്പനികൾ അപ്നാഘറിലെ മുറികൾ സ്വന്തം സാമ്രാജ്യമാക്കി വെച്ചിരിക്കുകയാണ്. താമസിക്കാൻ ആളില്ലെങ്കിലും മുറികൾ കമ്പനികളുടെ കൈപ്പിടിയിലാണ്. പല ചെറുകിട കമ്പനികളിലും ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ പുറത്ത് ഉയർന്ന വാടക നൽകി താമസിക്കുന്നുണ്ട്. അപ്നാ ഘറിൽ മുറിയെടുക്കുന്ന കമ്പനികൾക്ക് താമസക്കാരെ നൽകാൻ കഴിയാതെ വന്നാൽ കരാർ റദ്ദാക്കാൻ വ്യവസ്ഥ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മുറികൾക്ക് വാടകക്കാരുണ്ട്. സർക്കാറിന് വാടകയും കിട്ടുന്നുണ്ട്. പക്ഷെ താമസിക്കാൻ ആളില്ല. ഇതാണ് ഇപ്പോഴത്തെ സാഹചര്യം.

2019 ഫെബ്രുവരി 23ന് ആണ് കഞ്ചിക്കോട് അപ്നാഘർ ഉദ്ഘാടനം ചെയ്തത്. എട്ടര കോടി ചെലവിലാണ് ഇത് നിർമ്മിച്ചത്. നാല് നിലകളിലായി 62 മുറികൾ. ഒരു മുറിയിൽ പത്ത് പേർ എന്ന നിലയിൽ 620 പേർക്ക് താമസിക്കാൻ കഴിയും. ഷെയർ ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന 32 അടുക്കളകളും 96 കുളിമുറികളുമുണ്ട്. ഇതിനു പുറമെ ഡൈനിംഗ് ഹാളും ലാൻഡ്രി ഏരിയയും ഉണ്ട്. ഒരാളിൽ നിന്ന് 750 രൂപ മുതൽ 1000 രൂപവരെ മാത്രമാണ് പ്രതിമാസ വാടകയായി ഈടാക്കുന്നത്. തുച്ഛമായ വാടകയ്ക്ക് തൊഴിലാളികൾക്ക് മുറി കിട്ടിയാൽ ശമ്പളത്തിൽ അവർക്ക് ലാഭിക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. പക്ഷെ കമ്പനികൾ അക്കോമഡേഷൻ തങ്ങളുടെ വക എന്ന നിലയിൽ പാക്കേജ് രൂപപ്പെടുത്തിയത് മൂലം തൊഴിലാളികൾക്ക് ഈ സാമ്പത്തിക ഗുണം കിട്ടാതാവുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LABOURER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL