ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
26 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
ഈ വർഷം മാത്രം ജില്ലയിൽ 2,500ലധികം പേർക്ക് രോഗം ബാധിക്കുകയും ആറുപേർ മരിക്കുകയും ചെയ്തു.
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ആറാഴ്ചത്തെ പ്രത്യേക കർമപദ്ധതി തയ്യാറാക്കി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്താനാണ് തീരുമാനം. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചത്. തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വീടുകൾ സന്ദർശിക്കുകയും പനി ലക്ഷണങ്ങളുള്ളവരെയും രോഗബാധിതരെയും കണ്ടെത്തുന്നതിനുള്ള വിവരശേഖരണം നടത്തുകയും ചെയ്യും. കൊതുക് നശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി നടപ്പാക്കുന്നതിനായി വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും യോഗങ്ങൾ ചേർന്നു. തുടർ നടപടികൾ വിലയിരുത്താൻ വീണ്ടും യോഗങ്ങൾ ചേരും.
രോഗവ്യാപനം കൂടുതൽ മണ്ണാർക്കാടും അലനല്ലൂരിലും
മണ്ണാർക്കാട്, അലനല്ലൂർ ബ്ലോക്ക് പരിധികളിലാണ് നിലവിൽ രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പുഴ, അഗളി മേഖലകളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അകത്തേത്തറ, പുതുപ്പരിയാരം, പാലക്കാട് നഗരസഭ പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുതലായിരുന്നെങ്കിലും നിലവിൽ അവിടെ രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |