വാളയാർ: വലിയ ഏരിയെ മഴവെള്ള സംഭരണിയാക്കാനുള്ള പദ്ധതി വ്യവസായ വകുപ്പിന്റെ ഫയലിൽ കുരുങ്ങി കിടക്കുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്ന പദ്ധതിയാണിത്. കിൻഫ്രയാണ് പദ്ധതി തയ്യാറാക്കിയത്. വലിയ ഏരി സ്ഥിതി ചെയ്യുന്ന സ്ഥലം പുതുശ്ശേരി പഞ്ചായത്തിന്റെ അധീനതയിലാണ്. പഞ്ചായത്ത് രേഖാമൂലം സ്ഥലം കൈമാറിയാലേ കിൻഫ്രക്ക് തുടർ നടപടിയുമായി മുന്നോട്ടു പോകാൻ കഴിയില്ല. പക്ഷെ ഫയൽ ഇനിയും പഞ്ചായത്തിന് മുമ്പിൽ എത്തിയിട്ടില്ല. കിൻഫ്ര ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിനാണ് സമർപ്പിച്ചിരിക്കുന്നത്. സർക്കാർ തലത്തിൽ നിന്ന് പഞ്ചായത്തിന് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ല. കിൻഫ്രക്ക് നേരിട്ട് പഞ്ചായത്തിനോട് ആവശ്യപ്പെടാൻ നിയമതടസ്സമുണ്ട്. അതുകൊണ്ടു തന്നെ വ്യവസായ വകുപ്പിന് മുമ്പിൽ കിൻഫ്ര ഈ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. വാളയാർ മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം വലിയ ഏരിയിലാണ് നിറയുന്നത്. കഞ്ചിക്കോട് മേഖലയിലെ കൃഷിയിടങ്ങൾക്ക് സുഭിക്ഷമായി വെളളം ലഭിച്ചിരുന്നത് വലിയ ഏരിയിൽ നിന്നാണ്. വലിയ ഏരിയിലെ വെള്ളം മാത്രം ഉപയോഗിച്ചാണ് വലിയ ഏരി പാടശേഖരത്തിലെ കർഷകർ കൃഷിയിറക്കിയിരുന്നത്. കൊച്ചി-ബെംഗളൂരു വ്യവസായ ഇടന്നാഴിക്ക് വേണ്ടി ഇവിടുത്തെ ഭൂരിഭാഗം കൃഷിയിടങ്ങളും സർക്കാർ ഏറ്റെടുത്തു. അതോടെ വലിയ ഏരിയിലെ വെള്ളം കൃഷിക്ക് ആവശ്യമില്ലാതായി. ഈ സാഹചര്യത്തിലാണ് വലിയ ഏരിയെ മഴ വെള്ള സംഭരണിയാക്കി മാറ്റണമെന്ന ആവശ്യമുയർന്നത്. വ്യവസായ സ്മാർട് നഗരത്തിന് ആവശ്യമായ ജലസ്രോതസ് ആക്കി വലിയ ഏരിയയെ മാറ്റുന്ന ദൗത്യം ഏറ്റെടുക്കാൻ കിൻഫ്ര തയ്യാറാവുകയും ചെയ്തു. ഇരുന്നൂറോളം ഏക്കർ വിസ്തൃതിയുള്ള ഏരിയാണിത്. വലുപ്പം കൊണ്ട് തന്നെയാണ് വലിയ ഏരി എന്ന പേര് കിട്ടിയത്. വലിയ ഏരി മഴവെള്ള സംഭരണി ആകുന്നതോടെ കഞ്ചിക്കോട് സ്മാർട്ട് സിറ്റിക്ക് വേണ്ട മുഴുവൻ വെള്ളവും ഇവിടെ സംഭരിക്കാനാകും. ഇപ്പോൾ മലമ്പുഴ ഡാമിലെ വെള്ളമാണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഉപയോഗിക്കുന്നത്. വലിയ ഏരി മഴ വെള്ള സംഭരണി യാഥാർത്ഥ്യമാകുന്നതോടെ മലമ്പുഴ വെള്ളം എടുക്കുന്നത് ഒഴിവാക്കാനാകും. മലമ്പുഴ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമായി ഉപയോഗിക്കാനുമാകും. പദ്ധതി ഫയലിൽ കുടുങ്ങി കിടക്കുന്നതിനാൽ ഈ സീസണിൽ വലിയ ഏരിയിൽ എത്തുന്ന മഴവെള്ളം മുഴുവൻ പാഴായി പോവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |