SignIn
Kerala Kaumudi Online
Monday, 31 August 2026 9.41 AM IST

വാളയാർ ശുദ്ധജല പദ്ധതി; തർക്കം മുറുകുന്നു

water

വാളയാർ: വാളയാർ ശുദ്ധജല പദ്ധതിയെ ചൊല്ലി തർക്കം മുറുകുന്നു. വാളയാർ ഡാമിലെ വെള്ളം വാളയാറിൽ നിർമ്മിച്ചിരിക്കുന്ന ടാങ്കിൽ എത്തിച്ച് ശുദ്ധജലം വിതരണം ചെയ്യാൻ വിഭാവനം ചെയ്യുന്ന പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം നാട്ടുകാർ. എന്നാൽ കുടിവെള്ള വിതരണത്തിന് ഡാമിലെ വെള്ളം എടുത്താൽ കൃഷിക്ക് വെള്ളം കിട്ടാതാകുമെന്ന പരാതിയുമായി കർഷകർ രംഗത്തുണ്ട്. മലമ്പുഴ വെള്ളം സംഭരിക്കാനാണ് വാളയാറിൽ ടാങ്ക് നിർമ്മിച്ചിരിക്കുന്നതെന്നിരിക്കെ വാളയാർ ശുദ്ധജല പദ്ധതിക്ക് ഈ ടാങ്ക് ഉപയോഗിച്ചാൽ പിന്നീട് മലമ്പുഴ വെള്ളം കിട്ടാതാകുമോ എന്ന ആശങ്കയും ചിലർ പങ്കിടുന്നു.
പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിന് മറുപടിയായാണ് ജല വിഭവ മന്ത്രി വാളയാർ ശുദ്ധജല പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പദ്ധതി തുടങ്ങുന്നതിന്റെ സാധ്യത പരിശോധിക്കുകയും ചെയ്തു. അന്നുമുതൽ വിവാദങ്ങളും തുടങ്ങി.

 സമവായത്തിന് ശ്രമം

വാളയാർ ഡാമിലെ വെള്ളത്തിന് പകരം നീരുറവകളിലെ വെള്ളം ഉപയോഗിക്കണമെന്ന് വിവിധ പാടശേഖര സമിതികൾ ആവശ്യപ്പെട്ടു. മലബാർ സിമന്റ്സ് മൈൻസിൽ പാഴായി പോകുന്ന വെള്ളം കുടിവെള്ളത്തിനായി ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്നആവശ്യവും ഉയർന്നിട്ടുണ്ട്. വാളയാർ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ കുടിവെള്ള പദ്ധതിക്ക് ആവശ്യം വരികയുള്ളുവെന്നും ഇത് കർഷകരെ ഒട്ടും ബാധിക്കില്ലെന്നും ജലവിഭവ വകുപ്പ് വിശദീകരിക്കുന്നു. ജനപ്രതിനിധികൾ, കർഷകർ, ഗുഭോക്താക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് സമവായമുണ്ടാക്കി പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജലവിഭവ വകുപ്പ്.

ശുദ്ധജല പദ്ധതിക്ക് വെള്ളം എടുക്കുന്നത് കൃഷിയെ ബാധിക്കുമെന്ന വാദത്തിൽ കഴമ്പില്ല. വാളയാർ ഡാമിലെ വെള്ളം ടാങ്കിലെത്തിക്കുകയെന്നതാണ് പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യം. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പദ്ധതി തടസ്സപ്പെടുത്താൻ ആരും ശ്രമിക്കരുത്.

സതീശ് വട്ടപ്പാറ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി


ജനങ്ങൾക്ക് വെള്ളം എത്തിക്കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഡാമിലെ വെള്ളത്തിന് പുറമെ നീരുറവകളിലെ വെള്ളവും മലബാർ സിമന്റ്സ് മൈൻസിലെ വെള്ളവും ഉപയോഗപ്പെടുത്തണം.

കാജ വാളയാർ, പൊതു പ്രവർത്തകൻ


എ. പ്രഭാകരൻ എം.എൽ.എയുടെ ശ്രമഫലമായാണ് വാളയാറിൽ ടാങ്ക് നിർമിച്ചത്. ജല വിതരണത്തിന് വാളയാർഡാമിലെയും മലമ്പുഴ ഡാമിലെയും വെള്ളം സംഭരിക്കാൻ വേണ്ടി നിർമ്മിച്ച ടാങ്കാണിത്. രണ്ട് പദ്ധതികളും യാഥാർത്ഥ്യമാക്കി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം.

ആൽബർട്ട്, മുൻ പഞ്ചായത്ത് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL