SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.52 AM IST

വാളയാർ ഡാം ആഴം കൂട്ടൽ പരാജയം

dam
വാളയാർ ഡാം(ഫയൽ ചിത്രം)

വാളയാർ: വാളയാർ ഡാമിന്റെ സംഭരണശേഷി കൂട്ടാനുള്ള പദ്ധതി പരാജയപ്പെട്ടു. ചെളിയെടുക്കൽ തുടങ്ങി വർഷം മൂന്ന് പിന്നിട്ടിട്ടും ഡാമിന്റെ സംഭരണശേഷിയിൽ കാര്യമായ വർദ്ധനവുണ്ടായില്ല. ഇതിനിടയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഖനനം നിറുത്തി വെക്കുകയും ചെയ്തു. വാളയാർ ഡാമിന്റെ സംഭരണശേഷി 18.40 മില്യൺ ക്യുബിക് മീറ്ററാണ്. ഇത് ചെളിയും മണലും നിറഞ്ഞ് 11 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞപ്പോഴാണ് ഡാം ആഴം കൂട്ടാൻ പദ്ധതി കൊണ്ടുവന്നത്. പദ്ധതി തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങി. ജലവിഭവ വകുപ്പും മണലെടുപ്പ് ചുമതലയുള്ള കെംഡലും ഏകോപനമില്ലാതെയാണ് പ്രവർത്തിച്ചത്. കെംഡൽ ഉപ കരാർ കൊടുത്ത ഏജൻസികൾക്ക് ഡാം ആഴം കൂട്ടലിനേക്കാൾ താൽപ്പര്യം മണൽ ചെളി കച്ചവടത്തിലായിരുന്നു. ഡാമിലെ ചെളിയെടുക്കൽ നീട്ടിക്കൊണ്ടു പോവുകയും ഇതിന്റെ മറവിൽ തങ്ങളുടെ പരിധിയിൽ പെടാത്ത പുഴയിലെ ചെളിയും മണലും കച്ചവടം നടത്തുകയും ചെയ്തുവെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. 2023 ഫെബ്രവരിയിലാണ് ഡാമിൽ പ്രത്യേക പ്ലാന്റ് സ്ഥാപിച്ച് ഖനനം ആരംഭിച്ചത്. ഖനനം ചെയ്തെടുക്കുന്ന മിശ്രിതം മണൽ, മണ്ണ്, ചെളി എന്നിങ്ങനെ വേർതിരിച്ചാണ് വിൽപ്പന നടത്തിയത്. പരമാവധി ഒരു വർഷത്തിനകം പൂർത്തിയാകേണ്ട ആഴം കൂട്ടൽ പ്രവർത്തി 3 വർഷം പിന്നിട്ടിട്ടും എവിടെയുമെത്തിയില്ല. മണ്ണ്, മണൽ, ചെളി കച്ചവടം തകൃതിയായി നടന്നു. ഡാമിൽ നിന്നെടുക്കുന്ന മണൽ കഴുകാനെന്ന പേരിൽ പുഴയിലിടുകയും അനധികൃതമായി പുഴ മണൽ കൂടി എടുക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയും കലക്ടറും ഇടപെട്ട് മണലെടുപ്പ് നിറുത്തി വെച്ചു. പിന്നീട് പുറത്ത് കൂട്ടിവെച്ച മണൽ വിൽപ്പന നടത്തുന്നതും തടഞ്ഞു. ഭാഗികമായി മണലും ചെളിയും നീക്കം ചെയ്ത നിലയിലാണിപ്പോൾ വാളയാർ ഡാം. ആഴം കൂട്ടൽ പണികൾ എന്ന് തുടങ്ങും എന്ന കാര്യത്തിൽ തികഞ്ഞ അവ്യക്തതയാണ്. ഇത്രയും കാലത്തെ പണികൾക്കൊടുവിൽ ഡാമിന്റെ സംഭരണശേഷി 11 മില്യൺ ക്യുബിക്ക് മീറ്ററിൽ നിന്ന് ഏകദേശം 12 മില്യൺ ക്യുബിക്ക് മീറ്ററായി മാത്രമാണ് ഉയർന്നത്. ലക്ഷ്യം 18.40 മില്യൺ ക്യുബിക് മീറ്ററായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL