SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.52 AM IST

ചൂടിൽ വരണ്ട് പാടങ്ങൾ; കർഷകർ ആശങ്കയിൽ

paddy
മഴലഭിക്കാത്തതിനാൽ വിണ്ടു കീറിയ നെൽപ്പാടങ്ങൾ

പാലക്കാട്: കാലാവസ്ഥ ചതിച്ചതോടെ കർഷകർക്കിത് പ്രതിസന്ധികളുടെ കാലം. വളരെ വൈകിയെത്തിയ മഴ നേരത്തെ നിന്നതോടെ പാടങ്ങൾ വിണ്ടു കീറി. കൃഷിയിറക്കിയ പാടങ്ങളിലേക്ക് ഇനിയും വെള്ളമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ കടം വാങ്ങി കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാകും. രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക കഴിഞ്ഞ മാസമാണ് പലർക്കും ലഭിച്ചത്. ഇനിയും ഒട്ടേറെപ്പേർക്ക് പണം കിട്ടാനുമുണ്ട്.

ഇതിനൊപ്പം ഇത്തവണ കാലാവസ്ഥയും കർഷകരെ ചതിച്ചു. ഒന്നാംവിള ഇറക്കിയ പാടശേഖരങ്ങളിൽ വെല്ലുവിളിയാകുന്നത് ജലദൗർലഭ്യതയും അമിത ചൂടുമാണ്. 90 ദിവസത്തോളം മൂപ്പെത്തിയ നെൽക്കതിരുകളാണ് ഉണക്ക് ഭീഷണി നേരിടുന്നത്. അടുത്ത മാസം വിളവെടുക്കേണ്ട സമയത്ത് വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി ഉണങ്ങി നശിക്കും. ജില്ലയിലെ വിവിധ കനാലുകളിലും വെള്ളം കുറവാണ്. പറമ്പിക്കുളം ഒഴികെയുള്ള പ്രദേശത്തെല്ലാം മഴവെള്ളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പറമ്പിക്കുളത്ത് ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ആളിയാർ വെള്ളമാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ടു തന്നെ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാവാറില്ല. മഴപെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ ഇതുവരെ. എന്നാൽ അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. വാളയാർ ഡാമിൽ നിന്ന് കനാൽ വെള്ളം നിലച്ചതോടെ വാളയാർ, എലപ്പുള്ളി തുടങ്ങിയ കിഴക്കൻ മേഖലയിലും ആശങ്ക വർധിക്കുന്നു. കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണ് നിലവിൽ കൃഷിക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്.

ഇത് കർഷകർക്ക് അധിക ചെലവാണ്. കാല വർഷം വൈകിയെത്തിയതിനാൽ പാടങ്ങളിൽ ഇത്തവണ വൈകിയാണ് കൃഷി ആരംഭിച്ചത്. ഇത്തവണ വേനൽമഴയിൽ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഇതുവരെ 26 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ 1,397 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ, 1038.8 മില്ലി മീറ്റർ മാത്രമാണ് ലഭിച്ചത്. ഡാമുകളിലും ആവശ്യത്തിന് വെള്ളമില്ല. കഴിഞ്ഞ വർഷം നിറഞ്ഞുകവിഞ്ഞ മലമ്പുഴ, പോത്തുണ്ടി, വാളയാർ തുടങ്ങിയ പ്രധാന ഡാമുകളുടെ ഷട്ടറുകൾ അടഞ്ഞുതന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL