പാലക്കാട്: പാലം വരുമെന്ന പ്രതീക്ഷയിൽ ഒരു ഗ്രാമം വർഷങ്ങളായി കാത്തിരുന്നിട്ടും യാത്രാ ദുരിതത്തിന് അറുതിയില്ല. കൊടുമ്പ് പാളയം പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും പിന്നീട് പലതവണ മുടങ്ങുകയും ചെയ്തതോടെ ഏറെ ദുരിതത്തിലാണ് പ്രദേശവാസികൾ. കുട്ടികളടക്കമുള്ളവർക്ക് ഇന്നും ചങ്ങാടത്തെ ആശ്രയിച്ച് പുഴ മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. സ്‌കൂളുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്ന കുട്ടികളും മുതിർന്നവരുമടക്കം ചങ്ങാടത്തിലാണ് മറുകരയിലെത്തുന്നത്. ഇരുട്ടായാൽ പിന്നീട് യാത്ര അതികഠിനമാവും. അറുപതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മഴക്കാലത്തും പുഴയിൽ നീരൊഴുക്ക് ശക്തമാകുന്ന സമയങ്ങളിലും യാത്ര കൂടുതൽ അപകടകരമാകും. അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും സമയബന്ധിതമായി മറുകരയിലെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലായി നടപടികൾ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പ്രവൃത്തി നിലച്ചുപോകുകയായിരുന്നു. ചങ്ങാടത്തിനായി പഞ്ചായത്ത് ഫണ്ട് നൽകിയിരുന്നെങ്കിലും എല്ലാവരും അധികാരം കാണിച്ച് ചങ്ങാടം ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പണം പിരിച്ചാണ് ഇപ്പോൾ ചങ്ങാടം നിർമ്മിച്ചിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. ഓരോ തവണയും പാലം പണി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. നിലവിൽ പാലംപണി നടക്കുന്നുണ്ടെങ്കിലും ഇനിയും പണി നിറുത്തിവയ്ക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
സ്‌കൂൾ വിടുന്ന സമയമായതുകൊണ്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മക്കളാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുട്ടികളെ സ്‌കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഞങ്ങൾ ഇവിടെ എത്തണം. ചങ്ങാടത്തിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ എപ്പോഴും പേടിയാണ്. പുഴയിൽ വെള്ളം കൂടിയാൽ ചങ്ങാടം അഴിച്ചുവെക്കേണ്ടിവരും. പിന്നെ കലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചാലേ വീട്ടിലെത്താൻ കഴിയൂ. ചങ്ങാടം വലിക്കുമ്പോൾ കയർ തട്ടി വസ്ത്രങ്ങളൊക്കെ നനയും. വലിയ ബുദ്ധിമുട്ടാണ്.
-രമ്യ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |