
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കും ജനകീയ അടുക്കളകൾക്കും വിതരണം ചെയ്തിരുന്ന സബ്സിഡി അരി സംസ്ഥാന സർക്കാർ നിറുത്തലാക്കിയതോടെ ഭക്ഷണം വിളമ്പാൻ പ്രസായപ്പെട്ട് ജില്ലയിലെ ജനകീയ ഹോട്ടലുകൾ. 20-30 രൂപയ്ക്ക് ഊണ് നൽകിയിരുന്ന ഹോട്ടലുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാവേലി സ്റ്റോറുകൾ വഴി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം നൽകിയിരുന്നത്. ജില്ലയിൽ 35 ജനകീയ ഹോട്ടലുകളുണ്ട്. ഇവയ്ക്ക് പ്രതിമാസം 600 കിലോഗ്രാം അരിക്കുള്ള പെർമിറ്റാണ് സിവിൽ സപ്ലൈസ് വകുപ്പ് നൽകിയിരുന്നത്. ആവശ്യാനുസരണം ഹോട്ടലുകാർ ഗോഡൗണിൽ ചെന്ന് അരി എടുക്കുന്നത് മാർച്ച് മാസത്തോടെ നിർത്തി. ഓഡിറ്റ് ഒബ്ജക്ഷനെ തുടർന്നാണ് സബ്സിഡി നിരക്കിൽ അരി നൽകിയത് നിർത്തലാക്കിയതെന്നാണ് സർക്കാർ വാദം. സബ്സിഡി അരി മുടങ്ങിയതോടെ പൊതുവിപണിയിൽ നിന്ന് കിലോയ്ക്ക് 40 രൂപയിലധികം നൽകിയാണ് ഹോട്ടൽ നടത്തിപ്പുകാർ അരി വാങ്ങുന്നത്. ഹോട്ടലുകളുടെ വാടക, വൈദ്യുതി ബിൽ, വാട്ടർ ബിൽ എന്നിവ പഞ്ചായത്തിന്റെ ചുമതല ആയിരുന്നു. ചില പഞ്ചായത്തുകളിൽ അതും മുടങ്ങിയിട്ടുണ്ട്.
നടത്തിപ്പ് പ്രതിസന്ധിയിൽ
മങ്കരയിലും വല്ലപ്പുഴയിലും കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളിലും ഹോട്ടൽ അടച്ചു.
പ്രവർത്തിക്കുന്ന ചില ഹോട്ടലുകളാകട്ടെ പൂട്ടാനുള്ള ആലോചനയിലുമാണ്.
മലമ്പുഴ പഞ്ചായത്തിൽ മന്തക്കാട്, കടുക്കാംകുന്നം എന്നിവിടങ്ങളിലായി രണ്ടു ജനകീയ ഹോട്ടലാണു പ്രവർത്തിച്ചിരുന്നത്. ഇവ രണ്ടിനും മുറിയുടെ വാടക, വൈദ്യുതി ബിൽ, വാട്ടർ ബിൽ എന്നിവയുടെ പണം പഞ്ചായത്തിൽനിന്ന് കുടിശികയാണ്.
നേരത്തെ 20 രൂപയായിരുന്ന ഊണിന് 40 രൂപയായി.
സ്ഥാപനങ്ങൾ നഷ്ടത്തിൽ
മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി, പുതുശേരി എന്നിവിടങ്ങളിലുള്ള ഹോട്ടലുകളും പ്രതിസന്ധിയിലാണ്.
മേലാർകോട് പഞ്ചായത്തിലും കാഞ്ഞിരപ്പുഴയിലും കുമരംപുത്തൂരിലും മണ്ണൂരിലും ലക്കിടി-പേരൂരും സ്ഥാപനങ്ങൾ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ആലത്തൂരിലും സ്ഥിതി സമാനമാണ്. അലനല്ലൂർ പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ ഇപ്പോൾ 40 രൂപയ്ക്കാണ് ഊണ്. പട്ടാമ്പി നഗരസഭയിൽ വാടക കൂടാതെ നടത്തിപ്പിന് കെട്ടിടം അനുവദിച്ചിട്ടുള്ളതിനാൽ ഇപ്പോഴും ഹോട്ടൽ പ്രവർത്തിക്കുന്നു. വടക്കഞ്ചേരിയിലാകട്ടെ കെട്ടിടത്തിന്റെ വാടകയും വൈദ്യുതി ബില്ലും പഞ്ചായത്ത് അടയ്ക്കുന്നതിനാൽ പ്രതിസന്ധിയിലും ഹോട്ടൽ പ്രവർത്തിക്കുകയാണ്. മുതുതല പഞ്ചായത്തിലും ഓങ്ങല്ലൂർ പഞ്ചായത്തിലും നഷ്ടത്തിലാണെങ്കിലും പൂട്ടാതെ മുന്നോട്ടുപോകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |