
ശബരിമല : മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിൽ നിത്യേന എത്തുന്നത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ. നടതുറന്ന ആദ്യദിവസങ്ങളിൽ തിരക്ക് നിയന്ത്രണം താളം തെറ്റിയെങ്കിലും പിന്നീട് നിയന്ത്രണ വിധേയമാക്കി. പരമ്പരാഗത കാനനപാതവഴി എത്തുന്ന തീർത്ഥാടകർക്ക് ക്യൂ നിൽക്കാതെ നേരിട്ട് ദർശനം സാദ്ധ്യമാക്കാൻ പ്രത്യേക പാസ് നൽകിയത് തിരക്ക് നിയന്ത്രണം പാളുന്നതിന് കാരണമായിരുന്നു. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകരെ നിശ്ചിത അകലം നൽകാതെ കുത്തനെയുള്ള കയറ്റത്തും ഇറക്കത്തും ചേർത്തു നിറുത്തിയതും ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പൻമാർ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തുന്നുണ്ടെന്ന് പൊലീസ് സ്‌പെഷ്യൽ ഓഫീസർ എസ്.മധുസൂദനൻ പറഞ്ഞു. ശരാശരി ഒരു മിനിറ്റിൽ 75 പേരാണ് ദർശനം നടത്തുന്നത്. പ്രതിദിനം 96,000 പേർക്കാണ് അയ്യപ്പദർശനം ലഭിക്കുന്നത്. ശേഷിക്കുന്നവരെ മാളികപ്പുറത്തുള്ള ക്യൂ കോപ്ലക്‌സിൽ തങ്ങാൻ അനുവദിക്കും. 24 മണിക്കൂറിൽ പുലർച്ചെ 2.30 മുതൽ 5 മിനിറ്റും ഉച്ചക്ക് 2.30 മുതൽ 5 മിനിറ്റും ഉൾപ്പെടെ ആകെ 10 മിനിറ്റ് മാത്രമാണ് തീർത്ഥാടകർ പതിനെട്ടാംപടി ചവിട്ടാതെയുള്ളത്. നടയടച്ചിരിക്കുന്ന സമയങ്ങളിൽ തീർത്ഥാടകർ പതിനെട്ടാംപടി ചവിട്ടി വടക്ക് ഭാഗത്തു കൂടി മാളികപ്പുറത്തേക്കെത്തും. അവിടെ സജ്ജീകരിച്ചിട്ടുള്ള ക്യൂ കോപ്ലക്‌സിൽ നിന്ന് തീർത്ഥാടകരെ നടതുറക്കുമ്പോൾ ദർശനത്തിന് എത്തിക്കുകയുമാണ് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |