SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

കഥകളിമേളയ്ക്ക് ഇന്ന് ആട്ടവിളക്ക് തെളിയും

kathakali2

പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിനെട്ടാമത് കഥകളിമേളയ്ക്ക് ഇന്ന് തുടക്കമാകും. അയിരൂർ കഥകളി ഗ്രാമത്തിൽ ചെറുകോൽപ്പുഴ പമ്പാമണൽപ്പുറത്ത് ശ്രീവിദ്യാധിരാജാ നഗറിലാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മേള നടക്കുക. 12 ന് സമാപിക്കും. രാവിലെ 10ന് ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. കഥകളി ക്ലബ്ബ് പ്രസിഡന്റ് ടി.പ്രസാദ് കൈലാത്ത് അദ്ധ്യക്ഷത വഹിക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. 2024 ലെ ജില്ലാ കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാർഡ് കഥകളി നടൻ സദനം ഭാസിക്ക് സമർപ്പിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടർ പി.എസ്. പ്രിയദർശൻ, കഥകളിമേള ജനറൽ കൺവീനർ ഡോ.ബി.ഉദയൻ, ദിലീപ് അയിരൂർ, സഖറിയ മാത്യു എന്നിവർ പ്രസംഗിക്കും. കഥകളിയെക്കുറിച്ച് ഗവേഷണപരമായ പഠനം നടത്തുന്നതിന് റാന്നി സെന്റ് തോമസ് കോളേജിന്റെ ധാരണാപത്രം പ്രിൻസിപ്പൽ ഡോ.സ്‌നേഹ എൽസി ജേക്കബ്ബ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് കൈലാത്തിന് കൈമാറും. 11 മണി മുതൽ വിദ്യാർത്ഥികൾക്കായി പത്താം ക്ലാസ്സ് മലയാള പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠഭാഗം കഥകളി അരങ്ങേറും.

കളിയരങ്ങിൽ ഇന്ന്
(ആദ്യദിനം ലവണാസുരവധം)

പാലക്കാട് അമൃത ശാസ്ത്രികൾ രചിച്ച ലവണാസുരവധം കഥകളിയാണ് ആദ്യ ദിനത്തിൽ. ഉത്തരരാമായണം കഥാഭാഗമാണ് ഈ കഥകളിയുടെ ഇതിവൃത്തം. വാത്മീകിയുടെ ആശ്രമ പരിസരത്ത് വച്ച് ഹനുമാൻ ലവകുശന്മാരേയും സീതയേയും കാണുന്ന രംഗങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഹനുമാനും ലവകുശന്മാരുമായി ചേർന്നുള്ള അഷ്ടകലാശം ഈ കഥകളിയുടെ മറ്റൊരു പ്രത്യേകതയാണ്. സദനം ഭാസി ഹനുമാനായും കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ സീതയായും വേഷമിടുന്നു. കുശനായി കലാമണ്ഡലം ആദിത്യനും ലവനായി കലാമണ്ഡലം അജീഷും അരങ്ങിലെത്തും. പാട്ട് കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം യശ്വന്ത്. കലാമണ്ഡലം ശ്രീഹരിയുടെ നേതൃത്വത്തിലാണ് മേളം. ചുട്ടി കലാനിലയം സജി, കലാമണ്ഡലം അമൽ കെ.രാജേഷ് കുമാർ കഥാവിവരണം നടത്തും. കെ.എൽ.കൃഷ്ണമ്മ തപസ്യ ആട്ടവിളക്ക് തെളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL