
പത്തനംതിട്ട : ചൂട് കനത്തതോടെ വിപണിയിൽ പഴവർഗങ്ങൾക്ക് ആവശ്യക്കാരേറി. ഇതോടെ വിലയും കൂടി. ആപ്പിളിനും മുന്തിരിക്കും വില ഇരട്ടിയിലധികം വർദ്ധിച്ചു. ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങൾ എത്തുന്നത്. അവിടെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഇത്തവണ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. എന്നാൽ വിപണിയിലെ വിലയുടെ പകുതിപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇറക്കുമതി ചാർജും ജി.എസ്.ടിയുമെല്ലാം ചേർക്കുമ്പോഴാണ് ഇത്രയും വിലയാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
വ്യത്യസ്തയിനം ആപ്പിളുകളാണ് ഇപ്പോൾ വിപണിയിലെ താരം. ഇതിൽ ഇന്ത്യൻ ആപ്പിൾ ഇല്ലെന്നാണ് വ്യാപാരികളുടെ വാദം.
യു.എസ് ആപ്പിളിന് 300മുതൽ 280 രൂപവരെയാണ് വില. ന്യൂസിലൻഡിന് 260- 280, ഇറ്റലിക്ക് 280, തൂർക്കിക്ക് 240 - 260, ഇറാൻ 220 , ന്യൂസിലൻഡ് പിങ്ക് ലേഡി 280 രൂപ എന്നിങ്ങനെയാണ് വില. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്.
വില കിലോയ്ക്ക്
ഓറഞ്ച് : 80-100
മുന്തിരി : 100-160
പേരയ്ക്ക : 80- 120
ഡ്രാഗൺ ഫ്രൂട്ട് : 160
തണ്ണിമത്തൽ : 40
മൊസമ്പി : 180
മാതളം : 240
പൈനാപ്പിൾ 80
കിവി : 260
ചോദിക്കുന്ന വില
പഴ വർഗങ്ങളുടെ വില വർദ്ധനവിൽ നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ ഇടപെടുന്നില്ല. ബില്ല് പോലുമില്ലാതെയാണ് പഴ വർഗങ്ങൾ വിൽക്കുന്നത്. ആവശ്യക്കാരേറുന്നതിന് അനുസരിച്ച് വില വർദ്ധിപ്പിക്കാറുമുണ്ട് വ്യാപാരികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |