SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

ആലുവാംകുടി ക്ഷേത്രക്കുളം, സുന്ദരഭൂമിയിലെ ജലസമൃദ്ധി

temple-
വനത്തിന് നടുവിലെ ആലുവാംകുടി ക്ഷേത്രക്കുളം

കോന്നി : കടുത്ത വേനലിലും നിറഞ്ഞ ജലസമൃദ്ധിയുമായി ആലുവാംകുടി ക്ഷേത്രക്കുളം വിസ്മയമാകുകയാണ്. വനത്തിന് നടുവിലെ ഉയർന്ന പ്രദേശത്തെ കുളത്തിലെ വെള്ളം കുടിക്കാൻ നിരവധി മൃഗങ്ങളാണ് എത്തുന്നത്. കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവുകളും മറ്റ് നിരവധി വന്യജീവികളും പക്ഷികളും കാനന ക്ഷേത്രത്തിലെ കുളത്തിലെ വെള്ളം കുടിക്കാൻ ദിവസവും എത്തുന്നുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ആലുവാംകുടി ക്ഷേത്രവും മലനിരകളും താഴ്‌വാരങ്ങളും പുൽമേടുകളും മൊട്ടക്കുന്നുകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും ക്ഷേത്രക്കുളവും വിനോദസഞ്ചാരികൾക്കും കൗതുകമാണ്.

തണ്ണിത്തോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ഈ കുളത്തിലെ ജലസമൃദ്ധി ഉപയോഗപ്പെടുത്താനാകും.

ചരിത്രത്തിൽ ആലുവാംകുടി

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്നു. ഇവിടെ കാണുന്ന ബലിക്കല്ല് നിത്യപൂജയുണ്ടായിരുന്നതിന്റെ തെളിവാണ്. വിസ്തൃതമായ ക്ഷേത്രക്കുളം മഹാക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. സമീപപ്രദേശങ്ങളിൽ ആലുവാംകുടിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഉപക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കുളങ്ങളുമുണ്ട്.

സഞ്ചാരികളുടെ സുന്ദരഭൂമി

രണ്ടാറ്റുമൂഴിക്ക് സമീപത്തെ മേടുകളിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാറും ഇവിടെയുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും കാഴ്ചയുടെ വിസ്മയമാണ്. കോട്ടപ്പാറ മലയിൽ അർജുനന്റെ പുരാതന വിഗ്രഹം കാണാം. സമീപ ഭാഗങ്ങളിലെ അണ്ണൻതമ്പി മേട്, നാനാട്ടുമേട് എന്നീ പുൽമേടുകൾ പ്രകൃതി ഒരുക്കുന്ന സുന്ദരക്കാഴ്ചകളാണ്. താഴെ പൂച്ചക്കുളത്തെ തേനരുവി വെള്ളച്ചാട്ടം സമീപ മേഖലകളിലെ ജലപാതങ്ങളിൽ ഏറെ ഉയരത്തിൽ നിന്ന് പതിക്കുന്നതാണ്. മേലെ പൂച്ചക്കുളം, തൂമ്പാക്കുളം മലകളുടെ മുകളിൽ നിന്നുള്ള മലനിരകളുടെ ദൂരക്കാഴ്ച ആകർഷകമാണ്.

ആലുവാംകുടി ക്ഷേത്രത്തിൽ നിന്ന് ഗുരുനാഥൻമണ്ണ്, സീതത്തോട് വഴി ഗവിയിലേക്ക് സഞ്ചരിക്കാനാകും. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് ആലുവാംകുടിയിലേക്ക് ഏകദേശം 14 കീലോമീറ്ററുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL