
ഏഴംകുളം : ദേവീഭക്തിയുടെ സാക്ഷ്യവുമായി വഴിപാടുകാരും വ്രതനിഷ്ഠയോടെ തൂക്കക്കാരും ഒന്നിച്ചതോടെ ഏഴംകുളം ദേവീക്ഷേത്രത്തിലെ വഴിപാട് തൂക്കത്തിന് കാർത്തിക നാളിൽ തുടക്കമായി. വഴിപാട് തൂക്കത്തിന് മുന്നോടിയായി ഇന്നലെ രാവിലെ ആലുവിളക്കും ഗരുഡൻ തൂക്കവും നടന്നു. രാവിലെ 7 മണിയോടെ വഴിപാട് തൂക്കം ആരംഭിച്ചു. ആദ്യതൂക്കം ഊരാണ്മ കുടുംബത്തിന്റേതായിരുന്നു. കുഞ്ഞിനെ എടുത്തുള്ള തൂക്കത്തിന് ഇത്തവണ പ്രത്യേക സുരക്ഷാബെൽറ്റ് തയ്യാറാക്കിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഓരോ തൂക്കക്കാരനും ചമയമുറിയിലെത്തിയത്. തൂക്കച്ചമയങ്ങൾ അണിഞ്ഞ്, ക്ഷേത്രംദർശനം നടത്തി, മേൽശാന്തി നൽകിയ കളഭമണിഞ്ഞ് തൂക്കക്കാർ തൂക്കവില്ലേറാനെത്തി. ദക്ഷിണ നൽകി തൂക്കം ആശാനിൽ നിന്ന് വാളമ്പും വില്ലുമേറ്റു വാങ്ങി തൂക്കക്കാർ വഴിപാട് തൂക്കത്തിനായി തയ്യാറെടുത്തു. ഇതോടൊപ്പം തൂക്കക്കാരെ മുതുകിൽ ചൂണ്ട കൊരുത്ത് താങ്ങുമുണ്ടാൽ തൂക്കവില്ലോടു ചേർത്തു ബന്ധിച്ചു. തപ്പുമേളങ്ങളുടെ അകമ്പടിയിൽ തൂക്കം ആശാൻ പയറ്റുമുറകൾ തൂക്കവില്ലിനു മുന്നിൽ കാട്ടിയപ്പോൾ തൂക്കവില്ലെറിയ തൂക്കക്കാരും അന്തരീക്ഷത്തിൽ പയറ്റുമുറകൾ അഭ്യസിക്കുന്ന കാഴ്ച ക്ഷേത്രമുറ്റത്തെ ഭക്തിസാന്ദ്രമാക്കി. ഓരോ വളയം തൂക്കത്തിലും വഴിപാടുകാരും കരക്കാരും ചേർന്ന് തൂക്കവില്ല് ക്ഷേത്രത്തിനു ചുറ്റിനും വലിച്ച് വലംവച്ചു തിരുനടയുടെ മുൻപിൽ എത്തിച്ചു. തൂക്കക്കാർ തൂക്കവില്ലിൽ നിന്നിറങ്ങി ക്ഷേത്രത്തിനു ചുറ്റും വലംവെച്ച് പയറ്റുമുറകൾ കാട്ടിയാണ് വളയങ്ങൾ അവസാനിപ്പിച്ചത്. ആകെ 204 വളയങ്ങളിലായി 614 തൂക്കങ്ങളാണുള്ളത്. രോഹിണി നാളായ ഇന്നും വഴിപാട് തൂക്കം ക്ഷേത്രസന്നിധിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |