കോന്നി : കൊവിഡ് മഹാമാരി ദുരിതം വിതച്ച് കടന്നുപോയകാലത്ത് മലയോര കർഷകർക്ക് കൈത്താങ്ങായി കോന്നി ചൈനമുക്ക് പ്ലാവിളയിൽ അമ്പിളി പ്രവീൺ ആരംഭിച്ച വനിതാ സംരംഭകത്വം ശ്രദ്ധേയമാകുന്നു. കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് കാർഷിക ഉത്പന്നങ്ങൾ വിലയ്ക്ക് വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലിന്റെ ഭാര്യ അമ്പിളി. കോന്നി ഗ്രാമ പഞ്ചായത്ത് 14ാം വാർഡിലെ കർഷകരുടെ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി ബാർട്ടർ സമ്പ്രദായം പുന:രാവിഷ്കരിച്ച് നാട്ടുച്ചന്ത വിജയമാക്കിയിരുന്നു. തുടർന്ന് നാട്ടുച്ചന്ത എന്ന നവമാദ്ധ്യമ കൂട്ടായ്മയിലൂടെ വിഷരഹിത നാടൻ ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകുന്നു. മലയോര മേഖലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കുരുമുളക്, കാപ്പി, ഇഞ്ചി, മഞ്ഞൾ, കുടംപുളി, ചക്ക, വൻതേൻ, ചെറുതേൻ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം അമ്പിളി വിപണിയിൽ എത്തിക്കുന്നുണ്ട്. ഒപ്പം സോപ്പ് നിർമ്മാണവും ഓൺലൈൻ വസ്ത്ര വ്യാപാരവുമുണ്ട്. മാർക്കറ്റിംഗിനായി നവമാദ്ധ്യമങ്ങളെയാണ് അമ്പിളി ആശ്രയിക്കുന്നത്. വിദേശ മലയാളികളും ആവശ്യക്കാരായതോടെ കയറ്റുമതിക്കുള്ള അനുമതിയും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അമ്പിളി പ്രവീൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |