SignIn
Kerala Kaumudi Online
Friday, 23 October 2026 12.10 AM IST

നൻമയുടെ വഴിയിൽ നാടിനൊപ്പം

s

ഇന്ന് ലോക സാമൂഹ്യ പ്രവർത്തന ദിനം . തലചായ്ക്കാൻ ഇടമില്ലാത്തവർക്കും രോഗങ്ങളാൽ ദുരിതമനഭവിക്കുന്നവർക്കും തണലാകുന്നവരും സമൂഹ നൻമയ്ക്കായി നിസ്വാർത്ഥതയോടെ രംഗത്തുള്ളവരുമായ ജില്ലയിലെ മൂന്നുപേർ....

.............................................

അശരണരുടെ സുനിൽ ടീച്ചർ

പത്തനംതിട്ട: പ്രതിസന്ധികളെ നേരിട്ടാണ് സുനിൽ ടീച്ചർ വിജയപാതയിലൂടെ മുന്നേറുന്നത്. സാമൂഹ്യ പ്രവർത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ. എം.എസ് സുനിൽ രണ്ടു പതിറ്റാണ്ടിനിടെ 350 വീടുകൾ നിർമ്മിച്ച് ഭവനരഹിതർക്ക് നൽകി. തല ചായ്ക്കാനിടമില്ലാത്തവർക്ക് തണലായ ആ സമർപ്പിത ജീവിതം ആരംഭിച്ചത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സ്വന്തം ക്ളാസിലെ വിദ്യാർത്ഥിനിക്ക് വീടുവച്ചുകൊടുത്തുകൊണ്ടാണ്. കുട്ടിയുടെ ജീവിതാവസ്ഥ നേരിട്ടു കാണാൻ ചെന്നപ്പോൾ കണ്ടത് കുട്ടി തലേന്ന് കോളേജിൽ ധരിച്ചു വന്ന ചുരിദാറിനൊപ്പമുണ്ടായിരുന്ന ഷാൾ കൊണ്ട് വാതിൽ മറച്ച ഷെഡാണ്. എട്ടു ജില്ലകളിലായി കുട്ടികളടക്കം ആയിരത്തി അഞ്ഞൂറോളം പേർക്ക് വീടൊരുക്കി. സർക്കാരിന്റെ സഹായമോ രാഷ്ട്രീയ, സാമൂഹിക പിന്തുണയോ ലഭിക്കില്ലെന്ന് ഉറപ്പായ സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീടുകൾ നൽകുന്നത്. പ്രളയകാലത്ത് മാത്രം 22 വീടുകൾ നിർമ്മിച്ചു നൽകി. കേന്ദ്രസർക്കാർ നൽകിയ നാരീശക്തി പുരസ്കാര തുക കൊണ്ടാണ് നൂറാമത്തെ വീട് പൂർത്തിയാക്കിയത്. അർഹരായവരുടെ പ്രശ്നങ്ങൾ നേരിട്ടു ചെന്നു മനസിലാക്കിയാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്.

കൂടെയുണ്ട്, ജോസ് പള്ളിവാതുക്കൻ


ചന്ദനപ്പള്ളി: ഒരിക്കൽ ഒരു യാത്രയ്ക്കിടെയാണ് ജോസ് പള്ളിവാതുക്കന് സുഹൃത്തിന്റെ ഫോൺ വന്നത്. കിഡ്നികൾ തകരാറിലായ തുമ്പമണ്ണിലെ ഒരു യുവാവിനെ ആരോടെങ്കിലും പറഞ്ഞ് സഹായിക്കണം. ജോസ് നേരിട്ടുചെന്ന് യുവാവിനെ കണ്ടു. രോഗ വിവരങ്ങൾ മനസലാക്കി സഹായിച്ചു, പലരിൽ നിന്നും സഹായം എത്തിച്ചുനൽകി. ഇതിനകം ആയിരത്തിലേറെ രോഗികൾക്ക് സഹായം ചെയ്തു. സ്വന്തം നിലയിലും സ്പോൺസർമാരെ കണ്ടെത്തിയും രോഗികളെ സഹായിക്കുന്നു. നിർദ്ധനരായ രോഗികളെ വീടുകളിൽ ചെന്ന് കണ്ട് അവസ്ഥ മനസിലാക്കി ചികിത്സാ സഹായം നൽകുന്നു. വള്ളിക്കോട്. കൊടുമൺ, തുമ്പമൺ പഞ്ചായത്തുകളിലെ രോഗികൾക്കാണ് നിലവിൽ മുൻഗണന.

കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ജോലിയിൽ നിന്ന് വരമിച്ച ശേഷമാണ് ജോസ് പള്ളിവാതുക്കൻ സാമൂഹ്യ പ്രവർത്തനത്തിലേർപ്പട്ടിരിക്കുന്നത്. കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണം, സ്കൂളിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പത്രങ്ങൾ സ്പോൺസർ ചെയ്യുക, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുക തുടങ്ങിയ കാര്യങ്ങൾക്കായും പ്രവർത്തിക്കുന്നു.

ചന്ദനപ്പള്ളി സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. ചന്ദനപ്പള്ളി സ്വദേശിയാണ്.

സേവനപാതയിൽ കുഞ്ഞന്നാമ്മക്കുഞ്ഞ്

കൊടുമൺ : നിസ്വാർത്ഥയായ സാമുഹ്യപ്രവർത്തകയാണ് കൊടമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞന്നാമ്മക്കുഞ്ഞ്. അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകയായിരുന്ന അവർ ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് പോരാടി വിജയിച്ച് ഇടതുപക്ഷത്തിന്റെ സഹയാത്രികയായി. പ്രതികരണ ശേഷിയും സംഘടനാപാടവുമാണ് കുഞ്ഞന്നാമ്മക്കുഞ്ഞിനെ ശ്രദ്ധേയയാക്കുന്നത്. മികച്ച ജനപിന്തുണയുമുണ്ട്. ജനകീയ വിഷയങ്ങളിൽ താൻ ആഗ്രഹിച്ച നിരവധി കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി അവർ പറഞ്ഞു. മുപ്പതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കഞ്ഞന്നാമ്മക്കുഞ്ഞിനായിരുന്നു. സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ അര നൂറ്റാണ്ട് മുമ്പ് ഒറ്റയ്ക്ക് പോരാടി ശ്രദ്ധ നേടിയിരുന്നു. ഭവനരഹിതരായ നിരവധി കുടുംബങ്ങൾക്ക് വീട് വച്ചുനൽകി സമൂഹത്തിൽ കാരുണ്യത്തിന്റെ തണലൊരുക്കി. അതിന് കക്ഷിരാഷ്ട്രീയം തടസമായില്ല. കൊടുമൺ പഞ്ചായത്തിലെ ഐക്കാടാണ് താമസം. സൻമനസും തന്റേടവുമാണ് ഏത് രംഗത്തും മുന്നേറാൻ ആവശ്യമെന്ന് അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL