
പരിസ്ഥിതി പ്രവർത്തകൻ എൻ.കെ.സുകുമാരൻ നായരുടെ നിർദ്ദേശത്തിൽ തുടർ നടപടിയില്ല
പത്തനംതിട്ട: പമ്പാ നദീതടത്തിലെ ഫലഭൂയിഷ്ടമായ മണ്ണിൽ വേനൽക്കാലത്ത് പച്ചക്കറിയും കരിമ്പും കൃഷി ചെയ്യണമെന്ന നിർദ്ദേശം പരിഗണിക്കാതെ കൃഷിവകുപ്പ്. പരിസ്ഥിതി പ്രവർത്തകനായിരുന്ന അന്തരിച്ച എൻ.കെ സുകുമാരൻ നായരാണ് പമ്പാനദീ തടത്തിൽ വേനൽക്കാലത്ത് രൂപപ്പെടുന്ന വിശാലമായ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി കേരളത്തെ വിള സമൃദ്ധമാക്കാനുള്ള പുതിയ ആശയം വർഷങ്ങൾക്ക് മുമ്പ് കൃഷി വകുപ്പിന് മുന്നിൽ അവതരിപ്പിച്ചത്. അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പുമാത്രമാണ് മറുപടിയായി ലഭിച്ചത്. നിരവധി പേർ പദ്ധതിയെ അനുകൂലിച്ചിരുന്നു.
ഹരിത വിപ്ലവത്തിലൂടെ സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സുകുമാരൻ നായർ പദ്ധതി ആവിഷ്‌കരിച്ചത്.
പ്രധാനപ്പെട്ട 20 നദികളുടെ തടത്തിൽ വേനൽക്കാലത്തേക്കുള്ളതായിരുന്നു പദ്ധതി. ജലനിരപ്പ് താഴുന്ന ജനുവരി മുതൽ മേയ് വരെയുള്ള കാലമാണ് നദീതട കൃഷിക്കായി നിർദ്ദേശിച്ചിരുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറി ശേഖരിച്ച് സംഭരിക്കേണ്ട ചുമതല കൃഷി വകുപ്പ് ഏറ്റെടുക്കണം. ജൈവ പച്ചക്കറി പ്രാവർത്തികമാകുന്നതോടെ ചാണകത്തിനും ഗോമൂത്രത്തിനും മാർക്കറ്റിൽ ഡിമാന്റ് വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ ജില്ലകളിലെയും നദിയുടെ അവസ്ഥ പരിശോധിച്ചാണ് കൃഷിയിടങ്ങൾ കണ്ടത്തേണ്ടത്. പമ്പാ നദീ തീരത്ത് കിഴക്ക് അത്തിക്കയം മുതൽ പടിഞ്ഞാറ് മാന്നാർ വരെയുള്ള 60 കിലോമീറ്റർ പ്രദേശത്തെ തീരങ്ങളാണ് കൃഷിക്കായി നിർദ്ദേശിച്ചിരുന്നത്. നദിയുടെ പ്രവാഹ മേഖലയിൽ നിന്ന് മൂന്നു മീറ്റർ മാറിയാണ് കൃഷി ഇറക്കേണ്ടത്. ജല ലഭ്യത, പോഷക ഗുണമുള്ള മണ്ണ് എന്നിവ കൃഷിക്ക് അനുയോജ്യമാണ്.
കൃഷി നദീതീരത്തെ തിട്ടകളിൽ
വേനൽക്കാലങ്ങളിൽ നദീതീരത്ത് എക്കൽ മണ്ണിൽ ഏക്കർ കണക്കിന് ഫലഭൂയിഷ്ടമായ തിട്ടകളാണ് ഉണ്ടാകാറുള്ളത്. ഈ ഭാഗത്ത് തൊഴിലുറപ്പ് സംഘങ്ങളെ ഉപയോഗിച്ച് കൃഷി ഇറക്കാനാണ് നിർദ്ദേശം. തൊഴിലുറപ്പ് സംഘങ്ങൾക്കോ കുടുംബശ്രീ, വ്യക്തികൾ, സംഘടനകൾ എന്നിവർക്കോ കൃഷി ഇറക്കാം. വിത്ത്, വളം , നിർദ്ദേശങ്ങൾ എന്നിവ കൃഷി വകുപ്പ് നൽകണം. പദ്ധതി വിജയത്തിൽ എത്തുന്നതോടെ കോടികളുടെ വരുമാനമാണ് കാർഷിക മേഖലക്ക് ഉണ്ടാകുന്നത് എന്ന് കണക്കു നിരത്തി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. പൂർണമായും ജൈവ പച്ചക്കറി കൃഷിയാണ് നിദ്ദേശിച്ചിരുന്നത്.
@ വേനൽക്കാല പദ്ധതി
@ പമ്പയുടെ 60കി.മീ. ദൂരം നിർദേശിച്ചു
@ ജല ലഭ്യതയും പോഷക ഗുണമുള്ള മണ്ണും അനുയോജ്യം
ജില്ലയിൽ നിർദ്ദേശിച്ചത് 60 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |