SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

കാറ്റി​ലും മഴയി​ലും നെൽച്ചെടി​ വീണു : കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് പ്രതി​സന്ധി​യി​ൽ

21-karingali-padam

പന്തളം: വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റി​ൽ നെൽച്ചെടി​കൾ വീണത് കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് പ്രതിസന്ധിയിലാക്കി. കഴിഞ്ഞദിവസങ്ങളിലെ തുടർച്ചയായ മഴ പാടത്ത് വെള്ളക്കെട്ടിനും കാരണമായി​. വേനൽമഴ തുടങ്ങിയതുമുതൽ ഡീസൽ പമ്പുപയോഗിച്ച് പാടത്തെ വെള്ളം ചാലിലേക്ക് ഒഴുക്കി​വി​ടുകയാണ് കർഷകർ. വെള്ളം നിറഞ്ഞ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്തതും പ്രതി​സന്ധി​ രൂക്ഷമാക്കുന്നു.

വാളകത്തിനാൽ പുഞ്ചയിൽ യന്ത്രം പുതഞ്ഞതുകാരണം കൊയ്ത്ത് മുടങ്ങിയിരുന്നു. പി​ന്നീട് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുക്കുകയായി​രുന്നു ഇവി​ടെ.
വെള്ളം വറ്റിച്ച് കൃഷിയെ രക്ഷിക്കാനുള്ള ശ്രമവും കർഷകർ നടത്തുന്നുണ്ട്. എല്ലാ പാടശേഖരങ്ങളിലും മോട്ടോറുകൾ എത്തി​ച്ച് വെള്ളം വറ്റി​ക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനുണ്ടാകുന്ന ചെലവും കർഷകർക്ക് അധിക ബാദ്ധ്യതയാകും. അടിക്കടി ഉണ്ടാകുന്ന നഷ്ടം കാരണം ഇത്തവണ കരിങ്ങാലി പാടശേഖത്തിലെ ചിറമുടി ഭാഗങ്ങളിൽ ഉൾപ്പെടെ നിരവധി കർഷകർ കൃഷി ചെയ്തി​രുന്നി​ല്ല.

തുടരുന്ന പ്രതി​സന്ധി​

കരിങ്ങാലിപ്പാടത്ത് യുവാക്കൾ ചേർന്ന് കൃഷിയിറക്കിയ മൂന്നുകുറ്റി, മണ്മിക്കൊല്ല, കരീലച്ചിറ എന്നീ പാടങ്ങളിൽ തുടക്കം മുതൽ പ്രതിസന്ധിയാണ്. കൃഷിയിറക്കാനായി പാടത്തെ വെള്ളം വറ്റിക്കലായിരുന്നു ആദ്യം പ്രശ്‌നം. ഒരു മാസത്തിലധികം വൈകി​യാണ് ഇവി​ടെ കൃഷി ഇറക്കാനായത്. കുമിൾ രോഗമാണ് പിന്നീട് കർഷകരെ വിഷമിപ്പിച്ചത്. മൂന്നുകുറ്റിയിലും കരീലച്ചിറയിലും 15 ഏക്കറോളം സ്ഥലത്ത് കുമിൾ രോഗബാധയുണ്ടായി. വി​ളവെടുക്കാറായപ്പോൾ വേനൽമഴയും കാറ്റും പ്രതി​സന്ധി​യായി​ മാറി​.

മണ്ണിക്കൊല്ലായിലും മൂന്നുകുറ്റിയിലുമായി രണ്ടേക്കറോളം പാടത്തെ നെല്ല് വെള്ളത്തിൽ വീണു. കതിരുവിളഞ്ഞ നെൽച്ചെടി വെള്ളത്തിലായതോടെ ഇത് കിളിർക്കാനും സാദ്ധ്യതയുണ്ട്. യന്ത്രമുപയോഗിച്ച് കൊയ്‌തെടുക്കുന്നതിനും ഇത് തടസമാകും.

വെള്ളം വറ്റി​ക്കാനുള്ള ശ്രമം തുടരുന്നു,

പ്രതി​സന്ധി​യി​ലായത് യുവ കർഷകർ

പാകമായ നെല്ല് വെള്ളം കയറുന്നതിന് മുമ്പ് കൊയ്‌തെടുക്കാനാകമോ എന്നതി​ൽ ആശങ്കയുണ്ട്. രണ്ടാഴ്ച മുമ്പേ കരക്കണ്ടങ്ങളിൽ കൊയ്ത്ത് നടത്തിയെങ്കിലും വെള്ളം വറ്റിക്കാനുള്ള കാലതാമസമാണ് പുഞ്ചകളി​ലെ കൊയ്ത്ത് വൈകി​പ്പി​ക്കുന്നത്.

കർഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL