
തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയത് പഴയ സിനിമയിൽ അടൂർ ഭാസിയുടെ കഥാപാത്രമാണ്. ചിത്രം സ്ഥാനാർത്ഥി സാറാമ്മ. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പാട്ടുപാടി വോട്ടുചോദിക്കുന്ന അടൂർ ഭാസി വാഗ്ദാനങ്ങളുടെ പെരുമഴയാണ് നടത്തുന്നത്. അക്കൂട്ടത്തിലാണ് വിമാനത്താവളം കൊണ്ടുവരുമെന്ന് നാട്ടുകാരോട് പറയുന്നത്. പണ്ടുകാലത്തുതന്നെ വിമാനത്താവളം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നെന്ന് സാരം.
പക്ഷേ പത്തനംതിട്ടയിൽ വിമാനത്താവളം കൊണ്ടുവരാമെന്ന് ഒരു തിരഞ്ഞെടുപ്പിലും ഒരു സ്ഥാനാർത്ഥിയും വാഗ്ദാനം ചെയ്തിട്ടില്ല. വിമാനത്താവളം എന്ന എടുത്താൽപൊങ്ങാത്ത വാഗ്ദാനത്തിൽ തൊട്ടുകളിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യം പോരാ. പാലവും കലുങ്കും പാൽസൊസൈറ്റിയുമായി നീണ്ടു നിവർന്നുകിടക്കുന്നതേയുള്ളു അവരുടെ വാഗ്ദാനങ്ങൾ.
തിരുവല്ലയുടെ മൂലവരെ വന്നുപോകുന്ന റെയിൽവേ പാതയെ ജില്ല മുഴുവനൊന്ന് വലിച്ചുനീട്ടാൻ കഴിയാത്തവരാണ് അവർ. അങ്ങനെയൊന്ന് രാഷ്ട്രീയപാർട്ടികളുടെ അജണ്ടയിലില്ല. ആടിനെ വാങ്ങാൻ പാങ്ങില്ലാത്തവൻ ആനയെ വാങ്ങുമോ.
പക്ഷേ വിമാനം എന്ന മോഹം പത്തനംതിട്ടക്കാരുടെ ഉള്ളിൽ പറന്നുയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആറൻമുളയിലെ വിമാനത്താവള പദ്ധതി പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ പാഴായിപ്പോയെങ്കിലും പത്തനംതിട്ടക്കാർ വിമാനത്തെ കൈവിട്ടില്ല.
കൊടുമണ്ണിൽ വിമാനത്തിന് വട്ടംചുറ്റാൻ അനുയോജ്യമായ മണ്ണും വിണ്ണുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ശബരി സാംസ്‌കാരിക സമിതിയും ഗ്ലോബൽ ആക്ഷൻ കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. വിമാനത്താവളത്തിന് വേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. സമരങ്ങളും നിവേദനങ്ങളുമായി അവർ അധികൃതർക്ക് മുന്നിൽ താവളമുറപ്പിച്ചിരിക്കുകയാണ്. കൊടുമൺ പ്ളാന്റേഷനിൽ ഏക്കറുകണക്കിനുള്ള റവന്യു ഭൂമി വിമാനത്താവളത്തിന് പറ്റിയതാണെന്ന അവരുടെ കണ്ടെത്തൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇൗ ഭൂമിയുടെ സാദ്ധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകുകയും ചെയ്തു. അടൂർ ഭാസിയുടെ പാട്ടുപോലെ ചിരിച്ചുതള്ളാനുള്ളതല്ല പത്തനംതിട്ടയുടെ വിമാന സ്വപ്നം. തിരുവനന്തപുരത്തും നെടുമ്പാശേരിയിലുമെത്തി ആകാശസഞ്ചാരം നടത്തുന്ന പത്തനംതിട്ടക്കാർ, നമ്മുടെ ജില്ലയിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ ഒച്ചയ്ക്കായി കാതോർത്തിരിക്കുന്നു.
പത്തനംതിട്ടയിൽ വിമാനത്താവളം കൊണ്ടുവരാമെന്ന് ഒരു തിരഞ്ഞെടുപ്പിലും
ഒരു സ്ഥാനാർത്ഥിയും വാഗ്ദാനം ചെയ്തിട്ടില്ല. വിമാനത്താവളം എന്ന എടുത്താൽ പൊങ്ങാത്ത വാഗ്ദാനത്തിൽ തൊട്ടുകളിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യം പോരാ. പാലവും കലുങ്കും പാൽസൊസൈറ്റിയുമായി നീണ്ടു നിവർന്നുകിടക്കുന്നതേയുള്ളു അവരുടെ വാഗ്ദാനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |