SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ജീവനെടുത്ത് ജില്ലയിലെ നദികൾ, മരണക്കടവുകൾ

ss
കീഴുകര കടവ് കാട് പിടിച്ച് കിടക്കുന്നു

പത്തനംതിട്ട : അപകടം ഒളിഞ്ഞിരിക്കുന്ന ജില്ലയിലെ നദികളിൽ ഇറങ്ങി ജീവൻ നഷ്ടമാകുന്നവർ ഏറെയാണ്. മുന്നറിയിപ്പുകൾ അവഗണിച്ചവരാണ് അപകടത്തൽപ്പെട്ടതിൽ ഏറെയും. കടവുകളിൽ ചെളിയും മണലും പുതഞ്ഞ് കിടക്കുന്നതിനാൽ അപകടക്കെണി അറിയാനുമാകില്ല. പല കടവുകളും കാട് പിടിച്ചും മുന്നറിയിപ്പ് ബോർഡില്ലാതെയും നാശാവസ്ഥയിലാണ്. മുന്നറിയിപ്പ് ബോർഡുകളിൽ പലതും മാഞ്ഞുതുടങ്ങിയിരിക്കുന്നു. ചിലതിൽ വായിക്കാൻ പോലും കഴിയാത്ത ചെറിയ അക്ഷരങ്ങളുമാണ്. ബോർഡുകൾ കാട് പിടിച്ച് കാണാനാകാത്ത വിധത്തിലുമാണ്. ഇതൊന്നും തിരിച്ചറിയാതെ നിരവധി കുട്ടികളാണ് കയത്തിലേക്ക് എടുത്ത് ചാടുന്നത്. നദിയിൽ പലയിടത്തും ചെളി നിറഞ്ഞതിനാൽ അപകട സാദ്ധ്യതയേറെയാണ്.

കയത്തിൽ പൊലിഞ്ഞവർ

മാലക്കര വള്ളപ്പുരക്കടവിൽ തുടർച്ചയായ രണ്ടു വർഷങ്ങളായി മൂന്നു മരണം ഉണ്ടായിട്ടുണ്ട്. കീഴുകര ആറാട്ട് കടവിൽ രണ്ടു സ്കൂൾ വിദ്യാർത്ഥികളും അന്യ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ 5 പേർ മുങ്ങി മരിച്ചത് മാസങ്ങൾ മുമ്പാണ്. മണിമലയാറ്റിലെ പൂവപ്പുഴ കടവ്, നാറാണത്ത് കടവ്, വള്ളംകുളം കടവ്, തോണ്ടറ പാലം കടവ്, ഓട്ടാഫീസ്‌ കടവ്, പമ്പയാറ്റിലെ പുളിക്കീഴ് കടവ്, നീരേറ്റുപുറം കടവ് എന്നിവിടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

മാടമൺ വള്ളക്കടവിൽ പത്തിലധികം പേർ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ആനിക്കാട്, തേലപ്പുഴക്കടവിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 48 മരണമാണ് ഉണ്ടായിട്ടുള്ളത്.

റാന്നി കടവിൽ അൻപതിലധികം പേർ മുങ്ങിമരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ പോലും ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടിയ്ക്കെത്തിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മരിച്ചു. ഫയർഫോഴ്സിന്റെ മോക്ക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം നടന്നതും ജില്ലയിലാണ്.

ജാഗ്രത വേണം

പമ്പ, അച്ചൻകോവിലാർ, മണിമല എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പോഷക നദികൾ വേറെയുമുണ്ട്. ജനവാസ മേഖയിലൂടെ കടന്ന് പോകുന്ന ഈ നദികളിലെല്ലാം മുന്നൂറിലധികം കടവുകളുണ്ട്. ഇവയെല്ലാം വേലി കെട്ടി സംരക്ഷിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഓരോ അപകടം നടക്കുമ്പോഴും പ്രഖ്യാപിക്കുമെങ്കിലും പലപ്പോഴും ഒന്നും പാലിക്കുന്നില്ല. 2023 ൽ മാരാമൺ കൺവെൻഷനിലെത്തിയ സഹോദരങ്ങൾ ആറൻമുള പരപ്പുഴ കടവിൽ മരണപ്പെട്ടു.

മുങ്ങിമരണം

2025 : 41

ഈ വർഷം ഇതുവരെ : 11

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL