
പത്തനംതിട്ട:പാചക വാതകത്തിന് പിന്നാലെ പെട്രോൾ ഡീസൽ വിലയും കുതിച്ചുയർന്നതോടെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം പ്രതിസന്ധിയിലായി. ഇവയുടെ വില വർദ്ധന വിപണിയെ പൊതുവായി ബാധിച്ചു,. ഹോട്ടൽ ഭക്ഷണത്തിന് ഉൾപ്പെടെ വിലകൂടി. വാണിജ്യ സിലണ്ടറിന് 960രൂപ വർദ്ധിപ്പിച്ച് 3332രൂപ ആക്കിയപ്പോൾത്തന്നെ ഹോട്ടലുകളിൽ ആഹാര സാധനങ്ങൾക്ക് വിലകൂടി. എട്ടു രൂപയായിരുന്ന ചായയുടെ വില ഇപ്പോൾ 13മുതൽ 15 രൂപവരെയാണ്. ചെറു പലഹാരങ്ങൾക്ക് 10ൽ നിന്നും 17വരെ വർദ്ധിപ്പിച്ചു. 80രൂപ ഉണ്ടായിരുന്ന ഊണിന് 100 മുതൽ 120 രൂപ വരെയാണ് വാങ്ങുന്നത്. സ്‌പെഷ്യൽ കൂടി വാങ്ങിയാൽ ഇത് 200ന് മുകളിലാകും.
നഗരത്തിൽ ഏറ്റവും വിലക്കുറവിൽ ആഹാരം ലഭിക്കുന്ന എൻ.ജി.ഒ ക്യാന്റീനിലും വില വർദ്ധിപ്പിച്ചു. ചായ, കാപ്പി, പൊറോട്ട എന്നിവയുടെ വില 10ൽ നിന്നും 13ആക്കി. ദോശയ്ക്കും ഇഡലിക്കും 12ഉം കറികൾക്ക് 40 രൂപയുമാക്കി.
ഇന്ധന വില വർദ്ധിച്ചതോടെ തൊഴിലാളികൾ ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി. മിനിമം കൂലി 30ൽ നിന്നും 40 ആക്കണമെന്നാണ് ഇവരുടെ ആവശ്യം. 2022നുശേഷം മിനിമം കൂലി വർദ്ധിപ്പിച്ചിട്ടില്ലെന്നാണ് ഓട്ടോതൊഴിലാളികൾ പറയുന്നത്. ഇനി പിടിച്ചു നിൽക്കണമെങ്കിൽ ചാർജ്ജ് വർദ്ധനവല്ലാതെ മറ്റ് പോംവഴികളില്ലെന്ന് ഇവർ പറയുന്നു.
പച്ചക്കറി കിറ്റ് കിട്ടില്ല
ഒരു സാധാരണ വീട്ടിൽ രണ്ടോ മൂന്നോ ദിവസത്തെ കറികൾ വയ്ക്കുന്നതിനാവശ്യമായ പച്ചക്കറികൾ 150 മുതൽ 200രൂപ വരെ കൊടുത്താൽ കിറ്റായി നൽകിയിരുന്നു. ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ മിക്ക കടക്കാരും പച്ചക്കറി കിറ്റുകൾ ഒഴിവാക്കി ത്തുടങ്ങി. മിക്ക പച്ചക്കറികളുടെയും വില ഇരട്ടിയിലധികമാണ് വർദ്ധിച്ചത്. പാൽ വില നാലു രൂപ വർദ്ധിപ്പിച്ചെങ്കിലും ഇത് പ്രാബല്യത്തിൽ വരുന്നത് ജൂൺ ഒന്നു മുതലാണ് . പായ്ക്കറ്റ് പാൽ അരലിറ്ററിന് നിലവിൽ 28 എന്നത് 30 ആകും.
----------------------
നിത്യേന സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നത് സാധാരണ കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വില വർദ്ധനവിനനുസരിച്ച് കൂലി കൂടി വർദ്ധിപ്പിച്ചില്ലെങ്കിൽ കുടുംബം പുലർത്താൻ കഴിയില്ല.
ശ്രീലേഖ
സെയിൽസ് ഗേൾ
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവ് ഓട്ടോ ടാക്സി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകൾക്ക് മിനിമം കൂലി വർദ്ധിപ്പിച്ചിട്ട് നാലുവർഷം പിന്നിട്ടു. മിനിമം നിരക്ക് 40 രൂപ ആക്കിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല
കണ്ണൻ
ഓട്ടോറിക്ഷ ഡ്രൈവർ
പെട്രോൾ ലിറ്ററിന്-114.64 വർദ്ധനവ്- 2.61
ഡീസൽ ലിറ്ററിന്-103.49 വർദ്ധനവ്- 2.71
വാണിജ്യ ഗ്യാസ് സിലണ്ടർ ഒന്നിന്-3332 വർദ്ധനവ്- 960
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |