SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.20 AM IST

എം.എൽ.എ അറിയാൻ: മാറ്റം കൊതിച്ച് റാന്നി

a

റാന്നി: കാലം മാറിയിട്ടും മലയോര മേഖലയായ റാന്നിക്ക് പറയാനുള്ളത് പരീധീനതകൾ മാത്രം. വികസനകാര്യത്തിൽ ഏറെ പിന്നാക്കമാണ് പ്രദേശം. പുതിയ എം.എൽ.എയുടെ മുന്നിൽ റാന്നിക്കാർക്ക് പറയാനുള്ള ആവശ്യങ്ങളേറെയാണ്.

1. ടൂറിസം സർക്യൂട്ട് പദ്ധതി

റാന്നിയുടെ സ്വാഭാവിക ഭംഗി പ്രയോജനപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിച്ചാൽ വികസത്തിന് ആക്കം കൂട്ടും. പമ്പാനദിക്കരയിലെ ടൂറിസം സാദ്ധ്യതകൾ, പെരുന്തേനരുവി വെള്ളച്ചാട്ടം എന്നിവയെ കോർത്തിണക്കി ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി റിവർ റാഫ്റ്റിംഗും പനംകുടന്ത പോലുള്ള വെള്ളച്ചാട്ടങ്ങളിൽ ട്രക്കിംഗ് സൗകര്യങ്ങളും ഒരുക്കാവുന്നതാണ്.

2. അടിസ്ഥാന സൗകര്യ വികസനം

വർഷങ്ങളായി മുടങ്ങിക്കിടന്നശേഷം നിർമ്മാണം പുനരാരംഭിച്ച റാന്നി പുതിയ പാലത്തിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. കൂടുതൽ മേഖലകളിലേക്ക് റാന്നി വികസിക്കുകയും ചെയ്യും. വലിയ തിരക്ക് അനുഭവപ്പെടുന്ന റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് റോഡുകളുടെ വികസനവും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്.

3. കാർഷിക മൂല്യവർദ്ധിത ഉത്പന്ന യൂണിറ്റുകൾ

റബർ, മലഞ്ചരക്ക് കൃഷികളെ ആശ്രയിച്ചു കഴിയുന്ന കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ അഗ്രോ-പാർക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ കർഷകർക്ക് അത് ഏറെ ആശ്വാസവും ഗുണകരവുമായിരിക്കും. നാടൻ ഉത്പന്നങ്ങളും ജൈവ ഉത്പന്നങ്ങളും സംസ്കരിക്കാനും ബ്രാൻഡ് ചെയ്ത് വിപണനം നടത്താനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. യാത്രാക്ളേശം പരിഹരിക്കുകയും വനജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം കാണുകയും വേണം.

4. ആരോഗ്യ മേഖലയുടെ വികസനം

റാന്നി താലൂക്ക് ആശുപത്രിയുൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ആധുനിക ഡയാലിസിസ് യൂണിറ്റുകളും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ചെറിയ പൊട്ടലുകൾക്കും മുറിവുകൾക്കും ഉൾപ്പടെയുള്ള കാര്യത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആളുകളെ അയയ്ക്കുന്നത് രോഗികൾക്ക് അധിക ബാദ്ധ്യതയാകുന്ന സാഹചര്യമുണ്ട്. അത്യാഹിത വിഭാഗങ്ങളുടെ നിലവാരം ഉയർത്തുന്നതിലൂടെ സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാം.

5. വിദ്യാഭ്യാസ-തൊഴിൽ നൈപുണ്യ വികസനം

മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ഹൈടെക് സംവിധാനങ്ങൾ പൂർണതയിലെത്തിക്കുകയും, യുവാക്കൾക്കായി സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുകയും ചെയ്യണം. പഠനത്തിനായി വിദ്യാർത്ഥികൾ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കണം. എ.ഐ പോലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയിലും ഗ്രാഫിക് ഡിസൈനിംഗ് പോലുള്ള മേഖലകളിലും പരിശീലനം നൽകുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങൾ റാന്നിയിൽ സൃഷ്ടിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL