
ചെങ്ങന്നൂർ: കുട്ടികളുടെ ജീവിതവിജയത്തിന് മാതാപിതാക്കളുടെ നിരന്തരമായ ഇടപെടലും ശിക്ഷണവും അത്യാവശ്യമാണെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെറിയനാട് ജെ.ബി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ അദ്ധ്യാപകർ കൃത്യമായി പഠിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികൾ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് വീടുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ വളർന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ പ്രോത്സാഹനവുമായി നിരന്തരം ഒപ്പമുണ്ടാകാൻ മാതാപിതാക്കൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കെട്ടിട നിർമാണത്തിനായി പുതിയ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പുതിയ സ്കൂൾ ബസ് വാങ്ങുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു അദ്ധ്യക്ഷത വഹിച്ചു. നവാഗതരായ കുട്ടികളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി സ്വീകരിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ. എച്ച്. റീന പ്രവേശനോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു. അഡ്വ.നിതിൻ ചെറിയാൻ, ഷീദ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ, പുഷ്പ, സൂര്യ എസ്. നായർ, അന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 250 വിദ്യാർത്ഥികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 56 വിദ്യാർത്ഥികളും ഉൾപ്പെടെ ആകെ 306 വിദ്യാർത്ഥികളാണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |