ചാലക്കുടി: അഞ്ച് വർഷത്തിനിടെ പത്ത് മരണം, ഒന്നര വർഷത്തിനുള്ളിൽ അഞ്ചാമത്തേതും. മലയോര ജനതയുടെ ജീവിതം കാട്ടാനകളുടെ ആക്രമണത്തിൽ വഴിമുട്ടുകയാണ്. അതിരപ്പിള്ളി, കോടശേരി പഞ്ചായത്തുകളിൽ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ ഭയമില്ലാതെ അന്തിയുറങ്ങാനും കഴിയാത്ത അവസ്ഥയിലാണ് ഇവർ. ആനപ്പേടിയൽ സ്വന്തം മണ്ണും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയാണ് മലയോരനിവാസികൾ.
നേരം ഇരുട്ടിയാൽ ഭീതി
നേരം ഇരുട്ടിവെളുക്കുവോളം അതിരപ്പിള്ളിക്കാർക്ക് വീടിന് പുറത്തിറങ്ങാൻ ഭയമാണ്. എപ്പോൾ വേണമെങ്കിലും ആനയെ പ്രതീക്ഷിക്കാം. കഴിഞ്ഞ ശനിയാഴ്ച വൈശേരിയിലെ മോഹനന്റെ മരണം നാട്ടുകാരുടെ അവശേഷിച്ച ധൈര്യവും ചോർത്തിക്കളഞ്ഞു. എവിടെ ആനയിറങ്ങിയാലും പന്തവും കൂക്കുവിളിയുമായി ഓടിയെത്തുന്ന ധൈര്യശാലിയായിരുന്നു മോഹനൻ. സഹോദരൻ സന്തോഷിന്റെ വീട്ടുപറമ്പിൽ പുലർച്ചെ കൃഷി നശിപ്പിക്കുകയായിരുന്ന ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ കൊല്ലപ്പെട്ടത്. വൈശേരി-ചായ്പ്പൻകുഴി റോഡിന്റെ ഇരുഭാഗങ്ങളിലുമായി താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങൾക്കും ഇത്തരത്തിൽ ആനകളെ തൊട്ടുമുന്നിൽ കണ്ട് ഭയന്നോടിയ കഥകളേ പറയാനുള്ളൂ.
ചന്ദ്രബോസ് രക്ഷപ്പെട്ടത്
കൊല്ലപ്പെട്ട മോഹനന്റെ അയൽവാസിയായ 68കാരൻ ആറുകാട്ടിൽ ചന്ദ്രബോസ് രണ്ടുതവണയാണ് ആനകളുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചന്ദ്രബോസിന്റെ തൊട്ടുപിന്നിലെത്തിയത് മൂന്ന് കാട്ടാനകളാണ്. നേരിയ അനക്കം കേട്ട് തിരിഞ്ഞുനോക്കിയ അദ്ദേഹം ആനകളെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു.
കടുത്ത ദുരിതത്തിലേക്ക്
അതിരപ്പിള്ളിയിലേക്ക് വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. വിനോദസഞ്ചാരത്തിലൂടെ വനംവകുപ്പിന് കോടികളുടെ വരുമാനം ലഭിക്കുമ്പോൾ, പ്രദേശത്തെ റിസോർട്ടുകളും ചെറുകിട കച്ചവടക്കാരും ഹോട്ടലുകളുമെല്ലാം ഇതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ പഴവർഗങ്ങളുടെ വിൽപ്പനയിലൂടെ കർഷകർക്കും വലിയൊരു വരുമാനം ലഭിച്ചിരുന്നു. എന്നാൽ വന്യമൃഗങ്ങളുടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റം ഈ വരുമാനമാർഗം ഇല്ലാതാകുകയാണ്.
ഭൂരിപക്ഷം കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്. വിളകളെല്ലാം വന്യമൃഗങ്ങൾ കവരുകയാണ്. മാൻ, പന്നി, അണ്ണാൻ, കിളികൾ എന്നിവയ്ക്ക് പുറമെ, ചക്കയും വാഴയും തേടി കാട്ടാനകൾ കൂടി കൂട്ടത്തോടെ എത്തിയതോടെ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലായി.
'മണ്ണിൽ ഒരു വിളയും ഇറക്കാൻ ആനകൾ സമ്മതിക്കില്ല. വീട് വിറ്റ് മാറിപ്പോകാൻ നോക്കിയിട്ടും നടക്കുന്നില്ല...
ചന്ദ്രബോസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |