SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

പശ്ചിമഘട്ടത്തിൽ പുതിയ മത്സ്യയിനം; “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ”

ek

ഗവേഷക സംഘത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്

അദ്ധ്യാപകൻ ഡോ.ആർ.അഭിലാഷ്

ചെങ്ങന്നൂർ : പശ്ചിമഘട്ടത്തിലെ നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പരിണാമസമസ്യ പരിഹരിച്ചുകൊണ്ട് ശാസ്ത്രജ്ഞർ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി. പെരിയാർ കടുവാസങ്കേതത്തിലെ പെരിയാർ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള അരുവികളിൽ നിന്നാണ് “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ” (Eechathalakenda incognita) എന്ന മത്സ്യയിനത്തെ കണ്ടെത്തിയത്.

2022 മുതൽ 25 വരെ കേരള വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കേരള സർവകലാശാലയിലെ ഗവേഷക ശ്വേത ചന്ദ്ര, കുഫോസിലെ ഡോ.രാജീവ് രാഘവൻ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഡോ.അഭിലാഷ് രവിമോഹനൻ, ജർമനിയിലെ ഡോ.റാൽഫ് ബ്രിറ്റ്സ്, ഡോ.നീലേഷ് ദഹനുകർ, റയാൻ ബാബു എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.

1941ൽ പമ്പാനദിയിൽ നിന്ന് കണ്ടെത്തിയ മത്സ്യത്തെ അടിസ്ഥാനമാക്കി 1999ലാണ് 'ഈച്ചത്തലക്കണ്ട' ജനുസ്സ് രൂപീകരിച്ചത്. കഴിഞ്ഞ 80വർഷമായി പെരിയാറിലെയും പമ്പയിലെയും മത്സ്യങ്ങളെ ഒരേഇനമായി കണക്കാക്കിയിരുന്നെങ്കിലും, മൈറ്റോകോൺട്രിയൽ ഡി.എൻ.എ വിശകലനത്തിലൂടെ ഇവരണ്ടും വ്യത്യസ്ത ഇനങ്ങളാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ജനിതകപരമായി 4.9 മുതൽ 5.3 ശതമാനം വരെ വ്യത്യാസമുണ്ടെന്നും ചെതുമ്പലുകളുടെയും ചിറകുകളുടെയും ഘടനയിലും വ്യത്യാസങ്ങളുണ്ടെന്നും പഠനംതെളിയിച്ചു.

പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ‘ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ’. ഈ കണ്ടെത്തലോടെ ഏഷ്യയിലെ പ്രധാന ശുദ്ധജല മത്സ്യസംരക്ഷണ കേന്ദ്രങ്ങളിലൊന്നായി പെരിയാർ കടുവാസങ്കേതത്തിന്റെ പ്രാധാന്യം വീണ്ടും ഉയർന്നിരിക്കുകയാണ്. പഠനം അന്താരാഷ്ട്ര ജേർണലായ Systematics and Biodiversity യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ഇൻകോഗ്നിറ്റ’

ശാസ്ത്രലോകത്ത് ദീർഘകാലമായി നിലനിന്നിരുന്ന അവ്യക്തതയെ സൂചിപ്പിച്ചാണ് പുതിയ ഇനത്തിന് ‘ഇൻകോഗ്നിറ്റ’ എന്ന പേര് നൽകിയത്. ഒഫിസെഫാലയെ തൊണ്ടൻ, ഇണ്ടൻ എന്നും ഇൻകോഗ്നിറ്റയെ ഈറ്റിലക്കണ്ട, പാൽക്കെണ്ട എന്നും അറിയപ്പെടുന്നു. ഇവയുടെ ആവാസവ്യവസ്ഥ വളരെ പരിമിതമാണ്.

കാലാവസ്ഥാ വ്യതിയാനവും അധിനിവേശ മത്സ്യങ്ങളും ‘ഇൻകോഗ്നിറ്റ’ മത്സ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.

ഗവേഷകർ

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകനായ ഡോ.ആർ.അഭിലാഷ് പത്തനംതിട്ട ഇളമണ്ണൂർ സ്വദേശിയാണ്. മൂന്നുവർഷത്തെ ഗവേഷണ പഠനത്തിനൊടുവിലാണ് കണ്ടെത്തൽ. ഭാര്യ ഗീതു.ടി.ആർ പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ്. മക്കളായ എ.ജി. മഹേശ്വറും എ.ജി.ഇന്ദുമിത്രയും അതേസ്കൂളിലെ വിദ്യാർത്ഥികളും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL