വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കി
പന്തളം: ക്രിമിനൽ സംഘത്തിൽപ്പെട്ട ആളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് വീട്ടിൽ നിന്ന് യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയി അതി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. ഇലവുംതിട്ട മുട്ടത്തുകോണം രാമൻചിറ തടത്തിവിളയിൽ ദീപക് ജോയ് (25), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24), പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.
തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. കഴിഞ്ഞമാസം 26ന് രാത്രി ഒന്നിനാണ് സംഭവം. ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ശരീരം തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം മർദ്ദനം തുടർന്നു. ദീപക്കാണ് ക്രൂരമായി മർദ്ദിച്ചതെന്ന് യുവാവ് പറഞ്ഞു. മർദ്ദനശേഷം ദീപക്കിന്റെ വീട്ടിൽ അജയൻ അതിക്രമിച്ചു കയറുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചു. അവശനിലയിലായ യുവാവിനെ ഇവർ പിന്നീട് വഴിയിൽ ഉപേക്ഷിച്ചു.
പൊലീസിൽ പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. അജയന്റെ പരാതിയിൽ പന്തളം സി.ഐ.ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ പന്തളം എസ്.എച്ച്.ഒ എബിൻ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.അൻവർഷ, കൃഷ്ണലാൽ, ബി.അരുൺ, ഒ.അഖിൽ, വിജയ്, അനുപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിൽ പോയ ദീപക്കിനെ ഇടുക്കി ചെറുതോണിയിലെ ഒളി സങ്കേതത്തിൽ നിന്നും ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. ദീപക്കിനെ ചോദ്യം ചെയ്തതപ്പോഴാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രക്കാനത്തെ പ്രതികളിൽ ഒരാളുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ബാക്കി മൂവരേയും പിടികൂടിയത്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |