തിരുവല്ല: റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട ഗോതമ്പുമായി ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് വഴിനീളെ ഗോതമ്പ് ചാക്കുകൾ തെറിച്ചുവീണു. പിന്നാലെ വാഹനങ്ങളും കാൽനടയാത്രക്കാരും എത്തിയിരുന്ന സമയത്താണ് സംഭവം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് കുന്നന്താനം കിൻഫ്രാ പാർക്കിലെ ഗോഡൗണിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.തിരുവല്ല -മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ ഭാഗം പിന്നിട്ടതോടെ ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞതിനെ തുടർന്ന് ചാക്കുകൾ ഓരോന്നായി റോഡിലേക്ക് വീഴുകയായിരുന്നു. ഗോതമ്പ് ചാക്കുകൾ റോഡിൽ വീഴുന്നത് ശ്രദ്ധയിൽപ്പെടാതെ ലോറി മുന്നോട്ടുപോയി. ഇതിനിടെ പിന്നാലെ വാഹനങ്ങളും വഴിയാത്രക്കാരും എത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും അപകടമുണ്ടായില്ല. മാടമുക്ക് ഭാഗത്തെ കടയിലിരുന്ന സ്ത്രീകൾ ലോറി ഡ്രൈവറെ കൈകാണിച്ച് നിറുത്തി വിവരം അറിയിച്ചതോടെയാണ് ലോറിയിൽ നിന്ന് ഗോതമ്പ് ചാക്കുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. മദ്ധ്യപ്രദേശിൽ നിന്നെത്തിച്ച ഗോതമ്പിന്റെ ചില ചാക്കുകൾ പൊട്ടി ഗോതമ്പ് റോഡിൽവീണു. തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് റോഡിൽ വീണുകിടന്ന ചാക്കുകൾ ശേഖരിച്ച് ഗോഡൗണിലേക്ക് കൊണ്ടുപോയി. ചാക്കുകൾ റോഡിൽ വീണതിനെ തുടർന്ന് തിരുവല്ല - മല്ലപ്പള്ളി റോഡിൽ ഒരുമണിക്കൂറിലേറെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Wheat sacks being transported to ration shops fell off a moving lorry along the road. The incident occurred while vehicles and pedestrians were passing by, narrowly averting a major accident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |