
കോഴഞ്ചേരി : പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നതോടെ കുളിക്കടവുകൾ അപകടക്കെണികളാകുന്നു. പല കടവുകളിലും വ്യക്തമായ അപകടസൂചനാ ബോർഡുകൾ ഇല്ലാത്തതും വലിയ കുഴികളുമാണ് അപകടത്തിന് കാരണമാകുന്നത്. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നഗറിന്റെ കിഴക്ക് ഭാഗം, വള്ളക്കടവ്, കോഴഞ്ചേരി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര ആറാട്ട് കടവ് , മാരാമൺ മൂലയിൽ കടവ് , കാഞ്ഞിറ്റുകര ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ആറാട്ട് കടവ്, തുണ്ടിയിൽ കടവ് , കോഴഞ്ചേരി പാലത്തിന് സമീപമുള്ള കടവ് എന്നിവിടങ്ങളിൽ അപകട മരണങ്ങൾ തുടരുകയാണ്. വേനൽ കടുക്കുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കൂട്ടം കൂടി നദിയിലിറങ്ങുന്നത് പലപ്പോഴും ജീവാപായത്തിന് കാരണമാകുന്നു . മാരാമൺ , ചെറുകോൽപ്പുഴ കൺവൻഷനുകളിൽ എത്തുന്ന ആൾക്കാരും കച്ചവടക്കാരും ശബരിമല തീർത്ഥാടകരും ഇത്തരത്തിൽ അപകടത്തിൽപെട്ടിട്ടുണ്ട്. നിർമ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാർ വള്ളസദ്യയിൽ പങ്കെടുക്കാൻ വിവിധ ദേശത്ത് നിന്നെത്തുന്നവർ ഇങ്ങനെ നദിയുടെ ഗതിയറിയാതെ ഇരയായവർ നിരവധിയാണ്.
രക്ഷാമാർഗമില്ല
അപകടത്തിൽപെടുന്നവരെ രക്ഷപെടുത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ കടവുകളിൽ ഇല്ലാത്തതും ജീവനുകൾ നഷ്‌ടപ്പെടാൻ കാരണമാകുന്നു. അഗ്നി രക്ഷാ സേനയ്ക്ക് കോഴഞ്ചേരിയിൽ യൂണിറ്റ് ഇല്ലാത്തതിനാൽ 15 കിലോ മീറ്ററിലധികം സഞ്ചരിച്ച് വേണം രക്ഷാപ്രവർത്തനം നടത്താൻ. പത്ത് വർഷത്തിനിടയിൽ ഇരുപതോളം മുങ്ങിമരണങ്ങൾ ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |