പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം പ്രഹസനമായതോടെ നാടാകെ മാലിന്യ കൂമ്പാരങ്ങൾ രൂപപ്പെട്ടുതുടങ്ങി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തരം തിരിച്ച് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി പാതയോരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എല്ലാ മാസവും ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി നിശ്ചിത തുക കൈപ്പറ്റിയ ശേഷം പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും മാസങ്ങളായി ഇവ ചാക്കുകളിൽ കെട്ടി പ്രധാന റോഡുകളുടെ വശങ്ങളിലും ഇടവഴികളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്.
പകർച്ച വ്യാധിഭീഷണി
നിലവിൽ ഡെങ്കിപ്പനി ഭീഷണിയുണ്ടെങ്കിലും ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൈകുന്നത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. മാലിന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കാനുള്ള മിനി എം.സി.എഫുകൾ നിറഞ്ഞതോടെയാണ് റോഡ് സൈഡിലും ഇടവഴികളുമൊക്കെ ഇപ്പോൾ ഇവ ചാക്കിൽ കെട്ടി കൂട്ടിയിടുന്നത്. ഹരിത കർമ്മ സേനയ്ക്ക് സ്വന്തമായി ഓട്ടോറിക്ഷയുണ്ടെങ്കിലും തകരാറിലായിട്ട് ഏറെ നാളായി.മിക്കയിടങ്ങളിലും ചാക്കുകെട്ടുകൾ പൊട്ടി മാലിന്യങ്ങൾ പുറത്തേക്ക് നിരന്ന നിലയിലാണ്. മഴ സമയങ്ങളിൽ ഇവയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. നേരത്തെ മഞ്ഞപ്പിത്തം, ചിക്കൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ വേട്ടയാടിയ പഞ്ചായത്താണിത്.
..............................................
പാതയോരങ്ങളിലെ ചാക്കുകെട്ടുകൾക്കിടയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ മത്സ്യമാംസ അവശിഷ്ടങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളാൻ തുടങ്ങിയതോടെ പ്രദേശത്ത് തെരിവുനായ ശല്യവും രൂക്ഷമാണ്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം.
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |