റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ചെത്തോങ്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിമുക്തഭടന് പരിക്കേറ്റു. ചിറയ്ക്കൽ വീട്ടിൽ സി.ടി. തോമസിനാണ് (80) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്ത് പാഞ്ഞെത്തിയ കാട്ടുപന്നി ഇദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഇരു കൈകൾക്കും വയറിനും പരിക്കേറ്റ തോമസിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിനു ശേഷം സമീപത്തെ കാട്ടിൽ നിലയുറപ്പിച്ച കാട്ടുപന്നിയെ പഴവങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംപാനൽഡ് ഷൂട്ടർ റജി ജോസഫ് വെടിവച്ചുകൊന്നു.
രണ്ട് മാസം മുമ്പ് ബ്ലോക്കുപടിയിലും സമാന സംഭവം
വനാന്തരങ്ങൾക്ക് പുറമെ റാന്നി ടൗണിൽ പോലും കാട്ടുപന്നിയുടെ ആക്രമണം വർദ്ധിച്ചു വരുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. രണ്ട് മാസം മുമ്പ് നടുറോഡിലൂടെ വിരണ്ടോടിയ കാട്ടുപന്നി സൂപ്പർമാർക്കറ്രിൽ കയറി കടയുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ളോക്കുപടിയിൽ വൈക്കം ബിസ്മി മൻസിലിൽ ബീന (43)യ്ക്കാണ് അന്ന് പരിക്കേറ്റത്.
......................................................
റാന്നി ടൗണിൽ പോലും വന്യ ജീവികളെ ഭയന്ന് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കണ്ടെത്തി എത്രയും വേഗം പൂർണമായും ഇല്ലാതാക്കണം. കൂടാതെ കാടു കയറിക്കിടക്കുന്ന പറമ്പുകൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് കർശന നിർദേശം നൽകണം.
ഷിബിൻ രാജ്
(കർഷക സംഘം ഏരീയാ സെക്രട്ടറി)
....................................................
ഇട്ടിയപ്പാറ ടൗണിന് സമീപം വരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നു എന്നത് ഗൗരവകരമാണ്. കർഷക താല്പര്യം മുൻനിറുത്തി നാട്ടിൽ പെറ്റു പെരുകുന്ന പന്നികളെ യഥേഷ്ടം വെടിവയ്ക്കാനും ഭക്ഷണമായി ഉപയോഗിക്കാനും ജനങ്ങൾക്ക് അനുവാദം നൽകാൻ നിയമം വരണം.
പ്രമോദ് മന്ദമരുതി
(പഞ്ചായത്ത് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |