SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.53 AM IST

അടൂർ ടൗൺ ഹാൾ, യാഥാർത്ഥ്യമാകുമോ ?

adoor-townhall

അടൂർ : അടൂരിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞുനിന്നിരുന്ന ടൗൺ ഹാൾ പൊളിച്ചു നീക്കിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ ഹാൾ യാഥാർത്ഥ്യമായില്ല. മാറിവന്ന നഗരസഭാ ഭരണസമിതികൾ ബഡ്ജറ്റിൽ ഇടമൊരുക്കിയെങ്കിലും പുതിയ ടൗൺഹാൾ സ്വപ്നമായി മാത്രം അവശേഷിക്കുകയാണ്.

2014ലാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റിയത്. പിന്നീടുവന്ന നഗരസഭ ഭരണസമിതികൾക്ക് കെട്ടിടത്തിന് തറക്കല്ലിടാൻ പോലും സാധിച്ചില്ല. 2013 വരെ ടൗൺ ഹാൾ റവന്യൂവകുപ്പിന്റെ ചുമതലയിലായിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ടൗൺഹാളും 30 സെന്റ് സ്ഥലവും 2013 നവംബർ 24 ന് റവന്യു വകുപ്പ് നഗരസഭയ്ക്ക് കൈമാറി. 2014 മാർച്ചിൽ പണി തുടങ്ങുക എന്ന ലക്ഷ്യത്തോടെ രണ്ട് കോടി രൂപ അന്ന് നഗരസഭ ബഡ്‌ജറ്റിൽ അനുവദിച്ചു. എന്നാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല.

ടൗൺ ഹാളിനായി കണ്ടെത്തിയ സ്ഥലം ഇപ്പോൾ പാർക്കിംഗ് ഏരിയായായി മാറി. ഇവിടെ കൊണ്ടിട്ട വാഹനങ്ങളിൽ ചിലത് തുരുമ്പെടത്തു. അനുദിനം വളരുന്ന നഗരമായ അടൂരിൽ സർക്കാർ പരിപാടികൾക്ക് പോലും സ്വകാര്യ ഓഡിറ്റോറിയങ്ങളെയോ സ്‌കൂൾ കെട്ടിടങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടാണുള്ളത് .

ബഡ്ജറ്റിലുണ്ട്

2014ൽ രണ്ടുകോടി രൂപ പുതിയ ടൗൺ ഹാളിനാായി അനുവദിച്ചുകൊണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചത്. പിന്നീട് നീണ്ട കാലയളവിൽ ടൗൺ ഹാൾ വിസ്മൃതിയിലായി. വർഷങ്ങൾക്ക് ശേഷം 2023ലെ നഗരസഭ ബഡ്ജറ്റിൽ കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ ചെലവുകൾക്കായി ഒരുകോടി രൂപ വകയിരുത്തിയെങ്കിലും മണ്ണു പരിശോധന മാത്രമാണ് നടന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷം നഗരസഭ ഭരണം പിടിച്ച യു ഡി എഫ് ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റിലും ടൗൺഹാൾ നിർമ്മാണം സ്ഥാനം പിടിച്ചു. 2026 - 27 ബഡ്ജറ്റിൽ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 6 മാസം പിന്നിട്ടിട്ടും ഒരുമാറ്റവുമില്ല.

പൊതുപരിപാടികൾക്ക് സ്വകാര്യ ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ടൗൺ ഹാൾ നിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.

ആർ.സനൽകുമാർ

(അടൂർ നഗരസഭ കൗൺസിലർ )

നഗരസഭ മാറി മാറി ഭരിച്ച ഇടത് - വലത് മുന്നണികളുടെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണ് ടൗൺ ഹാൾ നിർമ്മാണം.

രൂപേഷ് അടൂർ

(അടൂർ നഗരസഭ എൻ.ഡി.എ

പാർലമെന്ററി പാർട്ടി ലീഡർ )

അടൂർ ടൗൺ ഹാൾ നിർമ്മാണത്തിന് ഫണ്ട് ലഭിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും വിഷയം എത്തിക്കാൻ ശ്രമിച്ചു.

റീന ശാമുവേൽ

( അടൂർ നഗരസഭ ചെയർപേഴ്സൺ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL