# കുന്നന്താനം വള്ളോകുന്ന് സിറ്റിംഗ് സീറ്റിൽ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടു
# രണ്ടു വാർഡിൽ രണ്ടക്കം കടക്കാൻ കഴിയാതെ ബി.ജെ.പി
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചെങ്കിലും അടൂർ എം.എൽ.എ ശാന്തകുമാർ രാജിവച്ച അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാർഡിലും റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്കുപടി വാർഡിലും ഭൂരിപക്ഷം കുറഞ്ഞത് കോൺഗ്രസിന് കല്ലുകടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 222 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശാന്തകുമാർ വിജയിച്ചത്. അത് ഇക്കുറി 112ആയി കുറഞ്ഞു. റാന്നി ബ്ലോക്കുപടി വാർഡിൽ 87 ആയിരുന്ന ഭൂരിപക്ഷം അഞ്ചായി കുറഞ്ഞു. രണ്ടിടത്തും കഷ്ടിച്ചാണ് ഇരു സ്ഥാനാർത്ഥികളും വിജയിച്ചത്. അരുവാപ്പുലം കല്ലേലി വാർഡിൽ എം.എൽ.എ ഉൾപ്പടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടും ഭൂരിപക്ഷം കുറഞ്ഞത് പാർട്ടിക്കുള്ളിൽ ചർച്ചയായി. ജില്ലയിലെ നാലു വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ ഒരോ സീറ്റുകൾ വീതം സി.പി.എമ്മും സി.പി.ഐയും മത്സരിച്ചപ്പോൾ രണ്ടിടത്ത് ഇടതു സ്വതന്ത്രരെയാണ് സ്ഥാനാർത്ഥികളാക്കിയത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോകുന്ന് വാർഡിൽ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത് പാർട്ടിക്ക് കനത്ത പ്രഹരമായി. ഇവിടെ രണ്ട് വോട്ടിന്റെ വ്യത്യാസത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. രണ്ടിടത്ത് സ്വതന്ത്രരെ മത്സരിപ്പിച്ചിട്ടും പ്രയോജന മുണ്ടാകാതിരുന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ത്രികോണ മത്സരത്തിൽ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോകുന്ന് വാർഡിൽ രണ്ടുവോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തിയതുമാത്രമാണ് ജില്ലയിൽ ബി.ജെ.പിക്ക് ഏക ആശ്വാസം. അരുവാപ്പുലം കല്ലേലിയിലും റാന്നി ബ്ലോക്കുപടി വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണത്തിൽ രണ്ടക്കം കടക്കാൻ കഴിയാതിരുന്നത് നാണക്കേടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |