
പത്തനംതിട്ട: മണ്ഡലകാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് 'നിർമലം ശബരിമല' ഒമ്പതിന് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കും. തീർത്ഥാടന പാതകളും തീർത്ഥാടകർ വിശ്രമിക്കുന്ന കേന്ദ്രങ്ങളും പൊതുയിടങ്ങളും ശുചീകരിച്ച് മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും മറ്റുവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ശബരിമല എ.ഡി.എം ദിലീപ് കെ.കൈനിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. എൻ.എസ്.എസ്, സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കും. വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വാഹന ഉടമകൾ, ഡ്രൈവർമാർ എന്നിവരുടെ സഹകരണത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും.
പ്രധാന റോഡുകൾ, വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, ബസ് സ്റ്റോപ്പുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാപ്പള്ളി മുതൽ പമ്പ വരെയുള്ള പ്രധാന പാതകളിലും കാനനപാതകളുടെ പ്രവേശന കവാടങ്ങളിലും ശുചീകരണം നടത്തും. വനത്തിനുള്ളിൽ മാലിന്യങ്ങൾ കൂട്ടിയിടുകയോ കത്തിക്കുകയോ ചെയ്യാതെ ശാസ്ത്രീയമായി നീക്കം ചെയ്യും. റോഡരികിലെ കാഴ്ചപരിധി തടസ്സപ്പെടുത്തുന്ന പുല്ലുകളും പടർപ്പുകളും വെട്ടിമാറ്റി ദിശാസൂചനകൾ വ്യക്തമാക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.
മണ്ഡലകാലം അവസാനിക്കുന്നതുവരെ തുടർച്ചയായ ശുചിത്വ പരിപാലന സംവിധാനം ഏർപ്പെടുത്തും. പൊതുയിടങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ എൻഫോഴ്സ്‌മെന്റ് നടപടികൾ ശക്തമാക്കുമെന്നും ശുചിത്വ മിഷൻ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |