
പത്തനംതിട്ട : സി.എൻ.ജി ക്ഷാമം രൂക്ഷമായത് വാഹന ഉടമകളെ സാരമായി ബാധിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ക്ഷാമം രൂക്ഷം. ഒരാഴ്ചയായി സ്റ്റോക്ക് എത്തുന്നില്ലെന്ന് പമ്പ് ഉടമകൾ പറയുന്നു. എന്ന് ലഭിക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. പെട്രോളിനേക്കാൾ നാല് രൂപ കുറവാണ് സി.എൻ.ജിക്ക്. സി.എൻ.ജി ഒരു കിലോയ്ക്ക് 110രൂപയും പെട്രോളിന് ലിറ്ററിന് 114മാണ്. നാല് രൂപയുടേത് ചെറിയ വ്യത്യസമാണെങ്കിലും സി.എൻ.ജി ഒരു കിലോയ്ക്ക് 22 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് വാഹന ഉടമകൾ പറയുന്നു. പെട്രോളിന് ലിറ്ററിന് 114.52 രൂപയാണ്. ഒരു ലിറ്ററിൽ കാറിന് 14 - 16 കിലോമീറ്റർ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. പെട്രോളിനേക്കാൾ മൈലേജ് കൂടിയതിനാലാണ് സി.എൻ.ജി വാഹനങ്ങൾക്ക് പ്രിയം വർദ്ധിക്കുന്നത്. എന്നാൽ, സി.എൻ.ജി ക്ഷാമം കാരണം പെട്രോളിലേക്ക് മാറാൻ വാഹന ഉടമകൾ നിർബന്ധിതരാവുകയാണ്. സി.എൻ.ജി ഓട്ടോറിക്ഷകളും സർവീസ് നടത്താനാകാത്തത് ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നു.
കാരണം യുദ്ധം
പശ്ചിമേഷ്യൻ യുദ്ധം കാരണമാണ് സി.എൻ.ജി വരവ് കുറയുന്നതെന്നാണ് ഏജൻസികൾ പമ്പുകാരെ അറിയിച്ചിരിക്കുന്നത്. ക്ഷാമം കാരണം സി.എൻ.ജിയുടെ വിലയേറുകയാണ്. ഒരു വർഷം മുൻപ് കിലോയ്ക്ക് 87 രൂപയായിരുന്നു. ഇപ്പോൾ 110 രൂപയാണ് വില. ഷോള ഗ്യാസ് കോയാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സി.എൻ.ജി എത്തിക്കുന്നത്.
ജില്ലയിലെ സി.എൻ.ജി സ്റ്റേഷനുകൾ
തിരുവല്ല : 2, കുളനട : 1, കാരയ്ക്കാട് : 1, അടൂർ : 1, വെണ്ണിക്കുളം : 1, ആറൻമുള : 1
വലിയ ടാങ്ക് സി.എൻ.ജിയുടേത്
സി.എൻ.ജി ടാങ്ക് ഘടിപ്പിച്ച കാറുകളിൽ പരമാവധി 12കിലോ സംഭരിക്കാം.
ഇത്തരം കാറുകളിൽ പെട്രോളിന് മൂന്ന് ലിറ്ററിന്റെ ടാങ്കാണുള്ളത്.
'' പെട്രോൾ വിലക്കയറ്റം കാരണമാണ് സി.എൻ.ജിയെ ആശ്രയിച്ചത്. എട്ടു ദിവസമായി സി.എൻ.ജി കിട്ടുന്നില്ല. സി.എൻ.ജി എത്തിക്കാൻ അടിയന്തര നടപടി വേണം.ബിനോയ്,
ചെന്നീർക്കര, വാഹന ഉടമ.
സി.എൻ.ജി (CNG - Compressed Natural Gas ) എന്നത് പ്രധാനമായും മീഥെയ്ൻ അടങ്ങിയിരിക്കുന്ന അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഒരു ഫോസിൽ ഇന്ധനമാണ്.
പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് സി.എൻ.ജി കത്തുമ്പോൾ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, മറ്റ് വിഷപ്പുകകൾ എന്നിവ വളരെ കുറഞ്ഞ അളവിൽ മാത്രമേ പുറന്തള്ളപ്പെടുന്നുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |