SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

ശ്രീനാദേവിയുടെ പ്രവർത്തനം: കോൺഗ്രസിലെ ഭിന്നത മുതലാക്കാൻ സി.പി.എം

cpm

പത്തനംതിട്ട : അടൂർ പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി​ കുഞ്ഞമ്മയുടെ നടപടി കോൺഗ്രസിൽ ഭിന്നതയ്ക്ക് വഴി​യൊരുക്കി​. പതിനഞ്ച് വർഷത്തിനു ശേഷം എൽ.ഡി.എഫിൽ നിന്ന് അടൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ചതിന്റെ തിളക്കം കെടുത്തുന്നതാണ് ശ്രീനാദേവിയുടെ നടപടിയെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ വിലയിരുത്തൽ. തനിക്കെതിരായ അപകീർത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന ശ്രീനാദേവി, പൊലീസിന്റെ അനുവാദമില്ലാതെ സെല്ലിൽ എത്തി പ്രതിയെ പരിഹസിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഒടുവിൽ വിവാദമായത്. അടൂരിലെ സി.പി.എം - യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ സി.പി.എം മുൻ ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനുവിനെ ശ്രീനാദേവി വ്യക്തിപരമായി അധിക്ഷേപിച്ചത് കോൺഗ്രസ് നേതാക്കൾക്കുള്ളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ അതിക്രമം. രണ്ടു വിഷയങ്ങിലും പ്രതിഷേധം കടുപ്പിക്കാനാണ് സി.പി.എം തീരുമാനം. അടൂരിൽ ഒൻപതിന് ആര‌ംഭിക്കുന്ന സി.പി.എം അനിശ്ചിതകാല സത്യാഗ്രഹം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

പൊലീസിനെ നിയന്ത്രിക്കുന്നത് ആര്?

സ്ത്രീപീഡന പരാതികളെ തു‌ടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂട്ടുപിടിച്ച് അടൂരിൽ രാഹുൽ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നുവെന്നാണ് കോൺഗ്രസ് ബ്ളോക്ക് കമ്മി​റ്റി പ്രസിഡന്റ് ആബിദ് ഷെഹിമിന്റെ വിമർശനം. രാഹുലും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ അടൂരിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതൃത്വം രാഹുലിനെ പിന്തുണച്ചില്ല. രാഹുലിനെ ഉദയഭാനു വിമർശിച്ചപ്പോൾ ശ്രീനാദേവിയാണ് മറുപടി നൽകിയത്. രാഹുലും ശ്രീനയുമാണ് അടൂരിൽ പൊലീസിനെ നിയന്ത്രിക്കുന്നതും സംഘർഷം ഉണ്ടാക്കുന്നതെന്നുമാണ് സി.പി.എം ആരോപണം.

സി.പി.ഐയിൽ നിന്ന് പുറത്തു വന്ന ശ്രീനാദേവി ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത് കോൺഗ്രസിന് ആവേശം പകർന്ന വിജയമായിരുന്നു.

തന്നെയും സഹപ്രവർത്തകരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നവരോട് ശക്തമായി പ്രതികരിക്കുമെന്നാണ് ശ്രീനാദേവിയുടെ നിലപാട്. എതിർപക്ഷത്തുള്ളവർ മാന്യതയില്ലാതെ പെരുമാറുമ്പോൾ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്ന് ശ്രീനാദേവി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL