SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം

mla

അടൂർ : പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തിനിടെ പൊലീസ് ഒരുനോട്ടീസ് പോലും നൽകിയില്ലെന്നും അറസ്റ്റി​ലായ ജയകൃഷ്ണൻ യഥാർത്ഥ പ്രതിയല്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ച കാര്യവും പ്രധാന വാദമായി ഉന്നയിച്ചു. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതോടെ അന്വേഷണം ഊർജിതമാക്കിയ പൊലീസ് കേസിൽ പ്രതിപ്പട്ടികയും കുറ്റപത്രവും ഉടൻ തയ്യാറാക്കുമെന്ന് അറിയിച്ചു.

ജി​ല്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും രാഹുൽ മാങ്കൂട്ടത്തി​ന്റെ അനുയായി​ ഫെന്നി നൈനാനും പ്രതികളാകുമെന്നാണ് സൂചന. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്ന് ചർച്ചയായതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. മൂന്നുമാസം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ തുടർനടപടികൾ വൈകിയതിൽ ഡി.ജി.പി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനുള്ളിൽ കയറി പ്രതിയെ കണ്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായിരുന്ന പ്രതിഷേധം തണുപ്പിക്കുന്നതിനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ എസ്.പിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. ജാമ്യം ലഭിച്ച ജയകൃഷ്ണന് അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എയുടെ നേതൃത്വത്തി​ൽ സ്വീകരണം നൽകി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL