SignIn
Kerala Kaumudi Online
Thursday, 05 November 2026 4.46 AM IST

പബ്ലിക് സ്റ്റേഡിയത്തിന്റെ വികസനം ഉടൻ തുടങ്ങും : മന്ത്രി ഒ.ജെ. ജെനീഷ് പുതിയ പ്രതീക്ഷ,​ പുതിയ തുടക്കം

sports-minister
തിരുവല്ലാ പബ്ലിക് സ്റ്റേഡിയത്തിൽ കായികമന്ത്രി ഒ.ജെ.ജെനീഷ് സന്ദർശിച്ചപ്പോൾ

തിരുവല്ല : കായികമന്ത്രി ഒ.ജെ.ജെനീഷിന്റെ ആദ്യത്തെ സന്ദർശനം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ വികസനത്തിന് പുതിയ പ്രതീക്ഷകൾ നൽകിയാണ് തുടക്കം കുറിച്ചത്. സ്റ്റേഡിയം പുനരുദ്ധരിക്കാൻ അഞ്ചുകോടി രൂപ കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ഇതേതുടർന്നാണ് സ്റ്റേഡിയത്തിന്റെ നവീകരണം വേഗത്തിലാക്കാനാണ് മന്ത്രി സ്ഥലത്തെത്തിയത്. അഞ്ചുകോടി അപര്യാപ്തമായതിനാൽ എം.പിയും എം.എൽ.എയും നഗരസഭയും ചേർന്ന് അഞ്ചുകോടി കണ്ടെത്തും. ഇതുകൂടാതെ സ്വകാര്യമേഖലയിലെ മറ്റു നിക്ഷേപങ്ങൾ കൂടി ഉൾപ്പെടുത്തും. കൂടുതലായി ആവശ്യമുള്ള തുക എങ്ങനെ കണ്ടെത്താമെന്ന കാര്യം പരിശോധിക്കും. മൂന്ന് ഘട്ടമായി സ്റ്റേഡിയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെയും വികസനം പൂർത്തിയാക്കാനാണ് തീരുമാനം. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ആർ.ലേഖ, ഡോ.റെജിനോൾഡ് വർഗീസ്, സാം ഈപ്പൻ, ഈപ്പൻ കുര്യൻ, കെ.പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു. മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയനേതാക്കൾ, കായികപരിശീലകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

എസ്റ്റിമേറ്റ് തയാറാക്കാൻ ഉദ്യോഗസ്ഥർ ഉടനെത്തും : മന്ത്രി
ധനസമാഹരണം നടത്തേണ്ടതിനാൽ സ്റ്റേഡിയം വികസനത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ കേരള സ്പോർട്സ് ഫൗണ്ടേഷന്റെ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ തിരുവല്ലയിലെത്തുമെന്ന് മന്ത്രി ഒ.ജെ.ജെനീഷ് പറഞ്ഞു. ബഡ്ജറ്റിൽ അനുവദിച്ച തുക സ്പോർട്സ് വകുപ്പിന് കൈമാറിയിട്ടുണ്ട്. ലഭ്യമായ തുക ചെലവഴിച്ച് ആദ്യഘട്ടത്തിൽ സ്റ്റേഡിയം മണ്ണിട്ടുയർത്തുന്ന ജോലികൾ ആരംഭിക്കും.


തിരുവല്ലയിൽ സ്ഥലവും നിക്ഷേപകരും ഉണ്ട്
പബ്ലിക് സ്റ്റേഡിയം കൂടാതെ ഇൻഡോർ സ്റ്റേഡിയം കൂടി നിർമ്മിക്കാൻ ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഇവിടെയുണ്ട്. സ്ഥലം ലഭ്യമാക്കാനുള്ള പ്രശ്നമാണ് പലയിടത്തും. ഇവിടെ മുനിസിപ്പാലിറ്റിയുടെ പക്കൽ ആവശ്യമായ സ്ഥലമുണ്ട്.തിരുവല്ലയിൽ സ്റ്റേഡിയം വികസിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ച് രണ്ടുപേർ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയെത്തും മുമ്പ് പുല്ലുവെട്ട്
ഏറെക്കാലമായി കാടുകയറി കിടക്കുന്ന പബ്ലിക് സ്റ്റേഡിയത്തിൽ കായികമന്ത്രി ഒ.ജെ.ജെനീഷ് എത്തുന്നതിന് അല്പം മുമ്പ് തകൃതിയായി പുല്ലുവെട്ടി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ മദ്ധ്യത്തിലേക്ക് നടന്നുപോകാവുന്ന വിധത്തിൽ കുറച്ചുദൂരം മാത്രമാണ് പുല്ലുവെട്ടിയത്. എന്നാൽ മന്ത്രി പുല്ലുവെട്ടിയ വഴിയേ പോകാതെയാണ് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL