ഓമല്ലൂർ: ചരിത്ര സ്മൃതികൾ നിറഞ്ഞ ഓമല്ലൂർ മാർക്കറ്റ് പഴയ പ്രൗഢിയിലേക്ക് എന്നു തിരിച്ചുവരും? ഓമല്ലൂർ പഞ്ചായത്തിലെ കർഷകർ വിളവുകൾ നിറച്ച് സമൃദ്ധമാക്കിയ മാർക്കറ്റിന്റെ പ്രവർത്തനം താളം തെറ്റിയിട്ട് ഒരു വർഷമാകുന്നു. വയൽവാണിഭം തുടങ്ങിയ കാലം മുതൽ മാർക്കറ്റ് പ്രസിദ്ധമായിരുന്നു. ഇപ്പോൾ ഏതാനും ചെറുകിട കച്ചവടക്കാർ മാത്രമാണ് മാർക്കറ്റിലുള്ളത്. കാർഷികവിളകളുടെ വരവ് നിലച്ചതും മാർക്കറ്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. നിലവിലുള്ള കർഷകർ വിളകൾ മാന്യമായ വിലയിൽ വിറ്റഴിക്കാൻ പത്തനംതിട്ടയിലോ ഇലവുംതിട്ടയിലോ പോകണം. ദേശീയ പാത 183എയുടെ വീതി കൂട്ടലിന്റെ ഭാഗമായി മാർക്കറ്റ് ഭാഗം പൊളിക്കേണ്ടി വരുമെന്ന് സൂചനകളുണ്ട്. മാർക്കറ്റ് ജംഗ്ഷനിലെ കടകൾ പൊളിക്കേണ്ടിയും വന്നേക്കാം. റോഡ് വീതി കൂട്ടൽ പ്രതീക്ഷിച്ച് ചില കടകളുടെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല.
പഞ്ചായത്ത് ഓഫീസും ബാങ്കുകളും മാറും
റോഡ് വീതി കൂട്ടുമ്പോൾ ഓമല്ലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടവും പൊളിക്കേണ്ടി വരും. അഞ്ജലി ഓഡിറ്റോറിയത്തിന് സമീപത്തെ പഞ്ചായത്തുവക സ്ഥലത്ത് ഓഫീസ് നിർമ്മിക്കാനാൻ ആലോചനയുണ്ട്. മാർക്കറ്റ് ജംഗ്ഷനിലെ ബാങ്കുകൾ ക്ഷേത്രം ജംഗ്ഷനിലേക്ക് മാറ്റുകയാണ്. എസ്.ബി.ഐ ബ്രാഞ്ച് ഇതിനകം മാറ്റി. ഗ്രാമീൺ ബാങ്കിന് പെട്രോൾ പമ്പിന് സമീപം പുതിയ കെട്ടിടം പണിയുന്നു. റോഡ് വികസനം ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റിയേക്കും.
................................
മാർക്കറ്റ് പഴയ പ്രതാപത്തോടെ പ്രവർത്തിക്കാൻ അധികൃതർ നടപടിയെടുക്കണം. കർഷകർ വിൽക്കാനെത്തിക്കുന്ന സാധനങ്ങൾക്ക് മാന്യമായ വില ലഭിക്കണം.
(ഓമല്ലൂർ രാജശേഖരൻ നായർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |