SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

തേക്കു കഴകൾ നശിക്കുന്നു, വനംവകുപ്പിന് നഷ്ടം 25ലക്ഷം

tekk
വയക്കര ഡമ്പിംഗ് ഏരിയയിൽ നശിച്ചു തുടങ്ങിയ തേക്കുകഴകൾ

പത്തനംതിട്ട : കോന്നി വനം ഡിവിഷനിൽ തേക്കുകഴകൾ ലേലം കൊള്ളാൻ ആളില്ലാതെ നശിക്കുന്നു. വനംവകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി കല്ലേലിക്ക് സമീപം വയക്കര ഡമ്പിംഗ് ഏരിയയിൽ അയ്യായിരത്തോളം തേക്കു കഴകളാണ് കൂട്ടിയിട്ടിരിക്കുന്നത്. മഴയും വെയിലുമേറ്റ് സംരക്ഷണമില്ലാതെ കിടക്കുകയാണ്. അഞ്ച് വർഷത്തോളമായ കഴകളിൽ പലതും നശിച്ചു തുടങ്ങി. തേക്കുതോട്ടങ്ങളിലെ പതിനഞ്ച് വർഷം പഴക്കമുള്ള പൊട്ടു തേക്കുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. വലിയ തേക്കുകൾ വണ്ണം വയ്ക്കുന്നതിനാണ് സമീപത്തുള്ള പൊട്ടുതേക്കുകൾ വെട്ടിമാറ്റുന്നത്.

മുൻ കാലങ്ങളിൽ സ്വിച്ച് ബോർഡുകൾ നിർമിക്കാൻ തേക്കു കഴകൾ ഉപയോഗിക്കുമായിരുന്നു. റെഡിമെയ്ഡ് മെറ്റൽ ബോർഡുകൾ വന്നതോടെ തേക്കു കഴയ്ക്ക് ഡിമാൻഡ് കുറഞ്ഞു. വലിയ ബ്രഷുകളുടെ കൈപ്പിടികൾ, കരകൗശല വസ്തുക്കൾ, പേപ്പർ പൾപ്പ് തുടങ്ങിയവ നിർമ്മിക്കാൻ തേക്കു കഴകൾ ഉപയോഗിക്കുന്നുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് താൽക്കാലിക ഷെഡ് കെട്ടുന്നതിന് തേക്കുകഴകൾ ഉപയോഗിച്ചിരുന്നു. വിലക്കുറവിൽ ലഭിക്കുന്ന കാറ്റാടി കഴകൾ കൊണ്ടാണ് ഇപ്പോൾ ഷെഡുകൾ കെട്ടുന്നത്.

വിലയാണ് പ്രശ്നം

വനംവകുപ്പ് നിശ്ചയിച്ച വിലയ്ക്ക് ലേലം കൊള്ളാൻ ആളില്ലാത്തതാണ് നിലവിലെ പതിസന്ധിക്ക് കാരണം. ഒരു തേക്കു കഴയ്ക്ക് അഞ്ഞൂറ് രൂപയാണ് വനംവകുപ്പിന്റെ വില. ഇത് ഉയർന്ന തുകയാണെന്ന് കരാറുകാർ പറയുന്നു. കഴകൾ വെട്ടുന്നതിനും ലോഡ് ചെയ്തു വയക്കരയിൽ കൊണ്ടുവരുന്നതിന് ചുമട്ടു കൂലിയും വാഹനചെലവും വനം വകുപ്പിന്റെ ലാഭവും കണക്കാക്കിയാണ് ലേലത്തിന് വയ്ക്കുന്നത്. പല തവണ ലേലം വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല. തുക കുറച്ചു വയ്ക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തയ്യാറുമല്ല.

ഒരു കഴയ്ക്ക് വനംവകുപ്പിന്റെ വില : 500 രൂപ

വയക്കരയിലുള്ളത് : 5000 കഴകൾ

നഷ്ടം 25ലക്ഷം

'' വനംവകുപ്പ് നിശ്ചയിച്ചതാണ് റേറ്റ്. ലേല നടപടികൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.

വനംവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL