SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

തീർത്ഥാടകർ ബുദ്ധിമുട്ടി, ശബരിമലയിൽ അരവണ വിതരണം താളംതെറ്റി

mala

ശബരിമല: സന്നിധാനത്തെ അരവണ പ്രസാദ വിതരണത്തിലുണ്ടായ കാലതാമസം തീർത്ഥാടകർക്ക് വീണ്ടും ദുരിതമായി. മണിക്കൂറുകൾ ക്യൂവിൽ നിന്ന ശേഷമാണ് അരവണ പ്രസാദം ലഭിച്ചത്. ഇന്നലെ രാവിലെ അപ്പ പ്രസാദത്തിന്റെ സ്റ്റോക്ക് തീർന്നു. ചിത്തിര ആട്ട വിശേഷ പൂജകൾക്കായി നട തുറന്ന 6ന് വൈകിട്ട് മുതൽക്കേ പ്രസാദ വിതരണ കൗണ്ടറുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഓൺലൈൻ ബുക്കിംഗ് വിതരണം ഉൾപ്പെടെ ആറ് കൗണ്ടറുകളാണ് തുറന്നിരുന്നത്. കൗണ്ടറുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും കൂടുതൽ കൗണ്ടറുകൾ തുറക്കാൻ നിർദ്ദേശം നൽകാതിരുന്നതും തുറന്ന കൗണ്ടറുകളിലൂടെ മന്ദഗതിയിൽ പ്രസാദ വിതരണം നടത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ കന്നിമാസ പൂജകൾക്കായി നടതുറന്നപ്പോൾ അരവണ പ്രസാദ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുലാമാസ പൂജയ്ക്കും അരണവണ വിതരണത്തിന് മുഴുവൻ കൗണ്ടറുകളും തുറന്നിരുന്നില്ല. അന്നും തീർത്ഥാടകർ പ്രതിഷേധിച്ചു. ഏതാനും വർഷമായി ചിത്തിര ആട്ട വിശേഷദിവസം ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ ഇത് കണക്കിലെടുത്ത് അപ്പം മുൻകൂട്ടി തയ്യറാക്കാതിരുന്നതും അരവണ വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കാതിരുന്നതും തിരിച്ചടിയായി.

പ്ലാന്റിന്റെ ശേഷി വർദ്ധിച്ചില്ല

ചിങ്ങമാസ പൂജകൾക്ക് ശേഷം ആരംഭിച്ച അരവണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് ദിനംപ്രതി 3.60ലക്ഷം ടിൻ അരവണ ഉത്പാദിപ്പിച്ച് 75 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമാക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഉറപ്പു നൽകിയിരുന്നത്. എന്നാൽ പ്രതിദിനം 2 ലക്ഷം ടിൻ അരവണയിൽ കൂടുതൽ ഉത്പാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL