കല്ലറ: വാഴയില ഉണ്ടോ ഓണത്തിന് കാശുണ്ടാക്കാം. ഓണക്കാലമായതിനാൽ വാഴയിലയ്ക്ക് ഡിമാൻഡേറുകയാണ്. വാഴയില ഇല്ലാത്ത ഓണസദ്യ മലയാളിക്ക് സങ്കല്പിക്കാനാവില്ല. വീടുകളിൽ വാഴയില്ലാത്തവർക്ക് ആശ്വാസമേകാൻ വിപണിയിലെ ഓണ വിഭവങ്ങളിൽ വാഴയിലയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തവണ ഓണം ചിങ്ങം അവസാനമായതിനാൽ വിവാഹാവശ്യങ്ങൾക്കായി നേരത്തെ ഇലകൾ വെട്ടി പോയിരുന്നു. അതിനാൽ ഇത്തവണ ഇല കുറവാണ്. സ്കൂളുകളിലേക്കും കോളേജുകളിലേക്കും അസോസിയേഷനുകളിലേക്കും ഓണസദ്യയ്ക്ക് വേണ്ട വാഴയില നേരത്തെ ബുക്കിംഗ് ചെയ്തിരിക്കുകയാണ്.
ഒരു കെട്ടിന് - 500 രൂപ
വലിയകെട്ടിന് - 1250 രൂപ
നാടനൊപ്പം വരത്തനും
നാടൻ വാഴയിലയ്ക്ക് ക്ഷാമമുള്ളതിനാൽ തമിഴ്നാട്ടിലെ തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയില എത്തുന്നത്. ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. കിഴക്കൻ മേഖലയിൽ നിന്നെത്തുന്ന ഇലകൾ ഇത്തവണ കുറഞ്ഞു. ഇടയ്ക്കിടെയുള്ള മൺസൂൺ പെയ്ത്തും കാറ്റും ഏക്കറുകണക്കിന് വാഴക്കൃഷിയെ സാരമായി ബാധിച്ചു. നൂറ് ഇലകളുള്ള ഒരു കെട്ടിന് 500 രൂപയും 250 ഇലകളുള്ള വലിയകെട്ടിന് 1250 രൂപയുമാണ് നിലവിലെ വില. തമിഴ്നാടൻ ഇലകൾക്ക് ഇനത്തിനനുസരിച്ചാണ് വില. നാടൻ ഇലയ്ക്കും വരവ് ഇലയ്ക്കും 5 രൂപയാണ് ഒന്നിന്റെ വില.
ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മറ്റ് ഇലകളെ അപേക്ഷിച്ച് പെട്ടെന്ന് പൊട്ടില്ല, നേർത്തതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |