തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന് പൂജപ്പുര മണ്ഡപത്തിനും ഓഡിറ്റോറിയത്തിനും വാടക ഏർപ്പെടുത്തിയ നഗരസഭ നടപടിയിൽ അവ്യക്തത നീങ്ങി. മേയർ ആര്യാ രാജേന്ദ്രൻ മുൻകൂട്ടി അറിയിച്ച പ്രകാരം വാടക ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് നഗരസഭാ സെക്രട്ടറി സരസ്വതീദേവീ ക്ഷേത്ര ജനകീയസമിതിക്ക് നൽകി. ഓഡിറ്റോറിയത്തിനും സരസ്വതീമണ്ഡപത്തിനും അവിടെ നടക്കുന്ന വിദ്യാരംഭത്തിനും ചേർത്താണ് വാടക നിശ്ചയിച്ചിരുന്നത്. ഇതിനു പിന്നാലെ സമിതി വാടക ഒഴിവാക്കണമെന്ന കത്തു നൽകി. 13ന് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയെങ്കിലും ബുധനാഴ്ചയാണ് സമിതി ഭാരവാഹികൾക്ക് ഉത്തരവ് ലഭിച്ചത്. ഓണം അവധി കാരണം നടപടികൾ നീളുകയായിരുന്നു. 28 മുതൽ ഒക്ടോബർ 15 വരെ ജനകീയസമിതിക്ക് വാടകയില്ലാതെ മണ്ഡപവും ഓഡിറ്റോറിയവും മൈതാനവും ഉപയോഗിക്കാം. പൂജപ്പുര മണ്ഡപത്തിന് വാടക ഒഴിവാക്കിയെന്ന ബോർഡ് നഗരസഭയ്ക്ക് മുന്നിൽ ബുധനാഴ്ച പകൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജനകീയസമിതിയുടെ അറിയിപ്പിന്റെ മാതൃകയിലായിരുന്നു ബോർഡുകൾ. എന്നാൽ സമിതിക്ക് ഇതിൽ പങ്കില്ലെന്നും ഭക്തരുടെ പ്രതിഷേധം ഒഴിവാക്കാൻ നഗരസഭ ഭരണസമിതി നടത്തിയ ശ്രമമാണിതെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. ഉത്സവനടത്തിപ്പിൽ ഭക്തരുടെ സഹകരണത്തോടെ സമിതി ഒരുമിച്ച് മുന്നേറുമെന്നും മൈതാനം ലേലത്തിന് നൽകാനുള്ള നഗരസഭാ നടപടിയിൽ നിന്നും വിട്ടുനിൽക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
കുപ്രചാരണവും സമരനാടകങ്ങളും
അപലപനീയം; മേയർ
കാലാകാലങ്ങളായി സൗജന്യമായാണ് മണ്ഡപവും ഓഡിറ്റോറിയവും അനുവദിച്ച് വന്നിരുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരവാസികളെ തെറ്റിദ്ധരിപ്പിക്കുംവിധം ഒരുവിഭാഗം നടത്തിവരുന്ന കുപ്രചാരണവും സമരനാടകങ്ങളും അപലപനീയമാണ്. നവരാത്രി ഉത്സവം ഏറെ അഭിമാനത്തോടുകൂടി ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിക്കുമെന്നും മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |