
വീട്ടുമുറ്റത്ത് മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിതകർമ്മസേനാംഗങ്ങളുടെ ജീവിതത്തിലൂടെ ഒരു പകൽ
പുലർച്ചെ 5ന് ഉണരും. വീട്ടിലെ ജോലിയൊക്കെ ഒതുക്കി,ചൂട് ചായയും കുടിച്ച് നേരെ ബസ് സ്റ്റോപ്പിലേക്ക്...മണക്കാടെത്തിയാൽ തന്റെ പച്ച യൂണിഫോമെടുത്തിട്ട് കർമ്മനിരതയാകും. വെയിലും മഴയും കൂസാതെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നത് കാണുമ്പോൾ പലരും അടക്കം പറയും.
'അല്ലേ..ബേബി അമ്മയ്ക്ക് വയസ് 73 തന്നെയാണോ..?' ഹരിതകർമ്മസേന മണക്കാട് സർക്കിളിലെ അംഗം ബേബി 20 വർഷമായി ഈ തൊഴിലാണ് ചെയ്യുന്നത്. തുടക്കത്തിൽ ഒരു വീട്ടിലെ വേസ്റ്റെടുത്താൽ കിട്ടിയിരുന്നത് 30 രൂപയായിരുന്നു. വെങ്ങാനൂരിനടുത്താണ് താമസം. ഭർത്താവ് പന്ത്രണ്ടുവർഷം മുമ്പ് മരിച്ചു. 'കാലൊന്നും വയ്യ മോളെ. എന്നാലും ആരെയും ആശ്രയിക്കാതെ ജീവിക്കാമല്ലോ..'പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് ബേബിയമ്മ പറയും... സ്വന്തം കാലിൽ നിൽക്കാൽ ബേബിയമ്മയെപ്പോലെ മാലിന്യമെടുക്കാൻ തയ്യാറായവർ ധാരാളം. എന്നാൽ തൊഴിലിടത്തെ തിക്താനുഭവങ്ങളോർത്ത് പലരും ചിരിക്കാൻ മറന്നു.
ഒരുദിവസം ഇങ്ങനെ
രാവിലെ 8നാണ് ജോലി ആരംഭിക്കുന്നത്. വീടുകൾക്ക് പുറമേ,ബാങ്കുകൾ,സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും വേസ്റ്റെടുക്കും. കടകളിൽ 200ഉം വീടുകളിൽ 100ഉം രൂപയാണ് പ്രതിമാസ യൂസർഫീ. ഉച്ചയോടെ മാലിന്യം ശേഖരിച്ച് തീരും. പിന്നെ തരം തിരിക്കണം. ചില സ്ഥലങ്ങളിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകളുണ്ട്. ഇവിടെ സ്വസ്ഥമായി ഇരുന്ന് മാലിന്യം തരംതിരിക്കാം. ടോയ്ലെറ്റ് സംവിധാനവുമുണ്ടാവും. ഭക്ഷണം കഴിക്കാനായി മാത്രം വീടുകളിൽ പോയി വരുന്നവരുമുണ്ട്. കുടുംബശ്രീ അംഗങ്ങളാണ് ഹരിതകർമ്മസേനയിലുള്ളത്. മൈക്രോ എന്റർപ്രൈസായാണ് ഓരോ ഹരിതകർമ്മസേനാ യൂണിറ്റും സി.ഡി.എസിൽ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) രജിസ്റ്റർ ചെയ്യുന്നത്. 10 മുതൽ 18വരെ അംഗങ്ങൾ ഓരോ യൂണിറ്റിലുമുണ്ടാകും.
ഞങ്ങളും മനുഷ്യരല്ലേ...
'പൊതുജനങ്ങൾക്ക് ഞങ്ങളോടുള്ള സമീപനം തുടക്കത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എന്നാലിപ്പോഴും അസഭ്യവർഷവും കൈയേറ്റങ്ങളും നേരിടുന്നുണ്ട്. ഒരിക്കൽ ചവർ വേർതിരിക്കുന്നതിനിടെ കൈയിൽ സാനിറ്ററിപാഡ് തടഞ്ഞു. രക്തക്കറ അപ്പോഴും അതിലുണ്ടായിരുന്നു. ഒരു പേപ്പറിലെങ്കിലും അത് പൊതിയാമായിരുന്നില്ലേ...ഞങ്ങളും മനുഷ്യരല്ലേ...' ജില്ലയിലെ ഒരു ഹരിതകർമ്മസേനാംഗത്തിന്റെ വെളിപ്പെടുത്തലാണിത്. വിദ്യാഭ്യാസമുള്ളവരിൽ നിന്നാണ് മോശം അനുഭവങ്ങളുണ്ടാകുന്നത്.ചിലർക്ക് വാതിൽ തുറക്കാൻ പോലും മടിയാണ്. പരാതി പറഞ്ഞാൽ 'നാളെ മുതൽ നിങ്ങൾ ചവറെടുക്കണ്ട.'എന്നാവും മറുപടി.
സമ്പാദ്യം ആരോഗ്യപ്രശ്‌നങ്ങൾ
ജോലിസമയത്ത് ഉപയോഗിക്കാൻ പാകമായ ഷൂസും കോട്ടും പലയിടത്തും ലഭിക്കാറില്ല. മാലിന്യം കൈകൊണ്ടെടുത്ത് ചൊറിച്ചിലും അലർജിയും ബാധിച്ചവരും ധാരാളം. ഹെപ്പറ്റൈറ്റിസ് ബി അടക്കമുള്ള രോഗങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കുന്നില്ല. വീട്ടുകാർ കൈയേറ്റം ചെയ്താൽ പോലും സ്വന്തം പൈസയ്ക്ക് ചികിത്സിക്കണം. ഒട്ടുമിക്കപേർക്കും ലോണും കടങ്ങളുമുണ്ട്. ഏറെപേരുടെയും പ്രതിഫലം 10,000ൽ താഴെയാണ്.
നല്ല മാതൃകകൾ
ഹരിതകർമ്മസേന മണക്കാട് സർക്കിളിലെ അംഗങ്ങൾ എല്ലാ മാസവും ശമ്പളത്തിൽ നിന്ന് ഒരു തുക മിച്ചംപിടിച്ച് പ്രദേശത്തെ വീടുകളിലെ കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്. തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാണെങ്കിലും കഷ്ടപ്പെടുന്നവർക്കായി എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യം. രാജാജിനഗറിലെ ഹരിതകർമ്മസേനാംഗം ധനുജാകുമാരിയുടെ 'ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം'എന്ന പുസ്തകം കണ്ണൂർ,കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ പാഠ്യവിഷയമാണ്.
ആവശ്യങ്ങൾ
ആറുമാസത്തിലൊരിക്കൽ മെഡിക്കൽക്യാമ്പ് നടത്തണം
മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണം
അംഗങ്ങളെ ആക്രമിക്കുന്നവർക്കെതിരെ നിയമങ്ങൾ ശക്തമാക്കണം
അംഗങ്ങളുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്തണം. പ്രതിമാസവേതനം 15,000 എങ്കിലുമാക്കണം
ടി.എൻ.സീമ,ഹരിതകേരളം മിഷൻ ഉപാദ്ധ്യക്ഷ
ഹരിതകർമ്മസേനയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ വനിതാകമ്മിഷൻ പഠനവിഷയമാക്കും
പി.സതീദേവി,വനിതാകമ്മിഷൻ അദ്ധ്യക്ഷ
(വനിതാകമ്മിഷന്റെ പബ്ലിക്ക് ഹിയറിംഗിൽ അറിയിച്ചത്)
കൃത്യമായ കലണ്ടർ പ്രസിദ്ധീകരിച്ച് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കം
കുറിച്ച തിരുവനന്തപുരം നഗരസഭയുടെ നെടുംതൂണാണ് ഹരിതകർമ്മസേന.
ആര്യാ രാജേന്ദ്രൻ,മേയർ
പ്രായാധിക്യംമൂലം ജോലിചെയ്യാനാവാത്തവർക്ക് പെൻഷൻ അനുവദിക്കണം
ധനുജാകുമാരി,ഹരിതകർമ്മസേനാംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |